ബംഗളൂരു > കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും കുടുംബത്തെയും ഇല്ലായ്മ ചെയ്യാൻ ബിജെപി ഗൂഢാലോചന നടത്തിയെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി റൺദീപ് സിങ് സുർജേവാല ആരോപിച്ചു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഗുരുതര ആരോപണം.
ചിറ്റാപുർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി മണികണ്ഠ് റാത്തോഡിന്റെ ഫോൺ സംഭാഷണം പുറത്തുവിട്ടുകൊണ്ടാണ് സുർജേവാല ഗൂഢാലോചനയെക്കുറിച്ച് വ്യക്തമാക്കിയത്. ഖാർഗയെ അധിക്ഷേപിക്കുന്ന ശബ്ദസന്ദേശത്തിൽ അദ്ദേഹത്തെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് വ്യക്തമാക്കുന്നുണ്ടെന്ന് കോൺഗ്രസ് പറഞ്ഞു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ പൊലീസ് അധികൃതരോ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നാൽ, കർണാടകയിലെ ജനങ്ങൾ ഇതിനു മറുപടി പറയും- സുർജേവാല പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ ആരോപണം റാത്തോഡ് നിഷേധിച്ചു. ശബ്ദസന്ദേശം വ്യാജമാണെന്നും തോൽവി മുന്നിൽക്കണ്ട് കോൺഗ്രസ് കെട്ടിച്ചമച്ചതാണ് ആരോപണമെന്നും റാത്തോഡ് പറഞ്ഞു. വിഷയം സർക്കാർ ഗൗരവമായാണ് കാണുന്നതെന്നും ശക്തമായ അന്വേഷണം നടത്തുമെന്നും കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. ചിറ്റാപുരിൽ മല്ലികാർജുൻ ഖാർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെയാണ് മണികണ്ഠ് റാത്തോഡിന്റെ പ്രധാന എതിരാളി. പ്രിയങ്ക് ഖാർഗയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതിന് റാത്തോഡിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്. 40 ക്രിമിനൽ കേസിൽ പ്രതിയാണ് റാത്തോഡ്.