ക്വലാലമ്പൂർ> നവോദയ സാംസ്കാരിക വേദി മലേഷ്യയുടെ പ്രസിഡന്റായി സതീഷ് രാംബേത്തിനെയും സെക്രട്ടറിയായി മന്‍സൂര്‍ മദീനയെയും സമ്മേളനം തെരഞ്ഞെടുത്തു. രക്ഷാധികാരി: ബാദുഷ, മൊയ്നു വെട്ടിപ്പുഴ, ട്രഷറര്‍: ഷെരീഫ് തിരൂര്‍. ജോയിന്റ് സെക്രട്ടറി: സൂഫിയാന് വണ്ടൂര്‍, രാജേഷ് കാഞ്ഞിരക്കാടന്‍, വൈസ് പ്രസിഡന്റ്: ഷെഫി മതിലകം, അനൂപ് ഇ വി എന്നിവരെയും മെയ് ഒന്നിന് ക്വാലാലംപൂരില്‍ വച്ച് നടന്ന സമ്മേളനം തെരഞ്ഞെടുത്തു.
ഷരീഫ് മസ്ഹർ ഹെൽപ് ലൈൻ ചെയർമാനും സലിം റെയാൻ വൈസ് ചെയർമാനുമായി തുടരും. ഉമേഷ് അഞ്ചാംപുരയും ഷബീർ അലിയുമാണ് ഐടി സെല്ലിന്റെ ഭാരവാഹികൾ. കഴിഞ്ഞ വർഷം ഏപ്രിലോടെയാണ് നവോദയ മലേഷ്യ ഹെൽപ് വിങ് ആരംഭിച്ച് പ്രവർത്തനം സജീവമാക്കിയത്. ഇക്കാലയളവിൽ മനുഷ്യക്കടത്തിനിരയായി മലേഷ്യയിൽ കുടുങ്ങിയ നിരവധിപേരെയാണ് നവോദയ ഇടപെട്ട് നാട്ടിലെത്തിച്ചത്. കഴിഞ്ഞ വർഷം മലേഷ്യയിലെ വടക്ക് കിഴക്കൻ പ്രവിശ്യയായ സരവാക് ദ്വീപിൽ കപ്പൽ ജോലിക്കെന്ന വ്യാജേന കബളിപ്പിക്കപ്പെട്ട് നരകയാതന അനുഭവിക്കേണ്ടിവന്ന ഒരു കൂട്ടം മലയാളികളായ ചെറുപ്പക്കാരെ നാട്ടിലെത്തിക്കാനും മലേഷ്യയിലേക്ക് സന്ദർശക വിസയുടെ മറവിൽ ഉദ്യോഗാർത്ഥികളോട് പണപ്പിരിവ് നടത്തിയ ഏജൻസിക്കെതിരെ കർശന നടപടി സ്വീകരിക്കാനും വേണ്ടി നവോദയ മലേഷ്യ നടത്തിയ ഇടപെടൽ വളരെയധികം ശ്രദ്ധനേടിയിരുന്നു.
മലേഷ്യയിൽ ജോലി തേടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത കമ്പനികളെ കുറിച്ചുള്ള സമഗ്രമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നത് വഴി ഇതിനോടകം നവോദയയുടെ പ്രവർത്തനം നിരവധി പേർക്ക് ആശ്വാസമായിട്ടുണ്ട്. നവോദയ മലേഷ്യയുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുക തന്നെയാണ് തുടർ ലക്ഷ്യമെന്നും, പ്രവാസി ക്ഷേമ പ്രവർത്തങ്ങളോടൊപ്പം മികവുറ്റ സാംസ്കാരിക പരിപാടികൾ കൂടി സംഘടിപ്പിക്കാൻ നവോദയ ലക്ഷ്യമിടുന്നതായി പ്രതിനിധി സമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു. മികച്ച പ്രവർത്തനം കാഴ്ചവെച്ച നവോദയ സംഘാടകരെയും ലോക കേരള സഭയിൽ മലേഷ്യയെ പ്രതിനിധീകരിച്ച ആത്മേശൻ പച്ചാട്ടിനേയും ചടങ്ങിൽ ആദരിച്ചു.