റിയാദ് > മുൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും, ആലത്തൂർ മുൻ എംഎൽഎയുമായിരുന്ന എം ചന്ദ്രന്റെ നിര്യാണത്തിൽ കേളി കലാസാംസ്കാരിക വേദി അനുശോചന യോഗം സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തി. കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ അനുശോചന പ്രമേയം അവതരിപ്പിച്ചു.
പാലക്കാട് ജില്ലയിലെ തൃത്താല താലൂക്കിലെ ആനക്കരയിൽ മേലേപ്പുറത്ത് വീട്ടിൽ എം കൃഷ്ണന്റെയും അമ്മുക്കുട്ടിയുടേയും മകനായി 1946 ജൂലൈ 15ന് ജനിച്ച എം ചന്ദ്രൻ 1970ൽ സിപിഐ എം അംഗമായി. 1975 മുതൽ 1982 വരെ കപ്പൂർ ലോക്കൽ സെക്രട്ടറിയായി, 1982ൽ തൃത്താല ഏരിയ കമ്മറ്റിയുടെ ആദ്യ സെക്രട്ടറിയുമായി. 1985ൽ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലേക്കും 1987ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1987ൽ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറിയായി. 1998ൽ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 2006 മുതൽ 2016 വരെ ആലത്തൂരിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. 2006ൽ എം ചന്ദ്രനെ ആലത്തൂരിലെ ജനങ്ങൾ 47,671ന്റെ ഭൂരിപക്ഷത്തിനാണ് വിജയിപ്പിച്ചത്. നിയമസഭ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ അതു വരെയുള്ള ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു അത്. എം ചന്ദ്രന്റെ ജനകീയതക്ക് ഇതിൽ കൂടുതൽ തെളിവിന്റെ ആവശ്യമില്ല എന്ന് അനുശോചന പ്രമേയത്തിൽ അനുസ്മരിച്ചു.
കേളി രക്ഷധികാരി സമിതി അംഗങ്ങൾ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, വിവിധ ഏരിയയിൽനിന്നുള്ള പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികളായി.