ആലപ്പുഴ > രബീന്ദ്രനാഥ് ടാഗോറിന്റെ ജന്മവാർഷികത്തോടനുബന്ധിച്ച് മെയ് 9-ന് പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ ആലപ്പുഴ കൈനകരി സ്വദേശിനി നിഖിത തെരേസ അനുസ്മരണ പ്രസംഗം നടത്തും. കേന്ദ്ര യുവജന കാര്യ-കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്റു യുവ കേന്ദ്രയും ലോകസഭാ സെക്രട്ടറിയറ്റിന് കീഴിലുള്ള പാർലമെന്ററി റിസേർച്ച് & ട്രെയിനിങ്ങ് ഫോർ ഡെമോക്രസിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നാഷണൽ യൂത്ത് പാർലമെന്റ് ഫെസ്റ്റിവലിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര നടത്തിയ സംസ്ഥാനതല യൂത്ത് പാർലമെന്റ് മത്സരത്തിൽ പങ്കെടുത്ത നിഖിത മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. പാർലമെന്റ് പരിപാടിയിലേക്ക് നെഹ്റു യുവ കേന്ദ്ര വിവിധ സംസ്ഥാനങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 25 പേരിൽ ഒരാളാണ് നിഖിത. കേരളത്തിൽ നിന്നുള്ള ഏക പ്രതിനിധിയും. ഇവരിൽ നിഖിതയടക്കം എട്ട് പേർക്കാണ് ചടങ്ങിൽ പ്രസംഗിക്കാൻ അവസരം. ടാഗോറിനെക്കുറിച്ച് മൂന്ന് മിനുട്ട് ദൈർഘ്യമുള്ള നിഖിതയുടെ റിക്കോർഡ് ചെയ്ത പ്രസംഗം ദേശീയതല സമിതി വിലയിരുത്തിയാണ് പാർലമെന്റിൽ പ്രസംഗിക്കാനായി തിരഞ്ഞെടുത്തത്.
ആലപ്പുഴ സെന്റ് ജോസഫ് കോളേജ് ഫോർ വുമണിൽ ബി എസ് സി ബോട്ടണി ബിരുദ വിദ്യാര്ഥിനിയാണ് നിഖിത തെരെസ. കൈനകരി പുതുവാത്ര വീട്ടിൽ സിബിയുടെയും മേരിയുടെയും മകളായ നിഖിത ഇന്റർ കോളിജിയേറ്റ് ഡിബേറ്റ് മത്സരത്തിൽ ബെസ്റ്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.