പെര്‍ത്ത്: പടിഞ്ഞാറന്‍ ഓസ്‌ട്രേലിയന്‍ തലസ്ഥാനമായ പെര്‍ത്തില്‍ ഗര്‍ഭച്ഛിദ്രത്തിനെതിരേ ‘റാലി ഫോര്‍ ലൈഫ്’ സംഘടിപ്പിക്കുന്നു. മെയ് 17 ന് വൈകിട്ട് ഏഴു മണി മുതല്‍ പടിഞ്ഞാറന്‍ ഓസ്ട്രേലിയന്‍ പാര്‍ലമെന്റ് മന്ദിരത്തിനു സമീപം ഹാര്‍വെസ്റ്റ് ടെറസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ ഗര്‍ഭസ്ഥ ശിശുക്കളോടുള്ള വിവേചനത്തിനെതിരേയാണ് ഈ വര്‍ഷത്തെ റാലി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ നടന്ന 76 ഗര്‍ഭച്ഛിദ്രങ്ങളില്‍ 71 എണ്ണം ശിശുവിന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന് സംശയിക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നത് ഞെട്ടിക്കുന്ന വസ്തുതയാണെന്നു സംഘാടകരായ ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി പറയുന്നു. കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് ആകെ 8,551 ഗര്‍ഭച്ഛിദ്രങ്ങളാണ് നടന്നത്.
ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച കുട്ടികളുള്ള രണ്ട് അമ്മമാര്‍ റാലിക്കിടെ സംസാരിക്കും. തങ്ങളുടെ കുഞ്ഞുങ്ങളെ ഗര്‍ഭച്ഛിദ്രം ചെയ്യാനുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് അവര്‍ അനുഭവം പങ്കുവയ്ക്കും. ആ കുഞ്ഞുങ്ങള്‍ക്ക് ജനിക്കാന്‍ അവസരം നല്‍കിയതിലൂടെ തങ്ങളുടെ കുടുംബങ്ങളിലുണ്ടായ സന്തോഷവും വെല്ലുവിളികളും പങ്കിടും.
എസിഎല്ലിന്റെ സിഇഒ ആയി തിരഞ്ഞെടുക്കപ്പെട്ട മിഷേല്‍ പിയേഴ്‌സും റാലിയെ അഭിസംബോധന ചെയ്യും. 17-ന് വൈകിട്ട് 5:45 ന് സുപ്രീം കോടതി ഗാര്‍ഡന്‍സില്‍ സമ്മേളിച്ച് റാലി ആരംഭിക്കും.
പെര്‍ത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന റാലിയില്‍ ഏകദേശം 1,500 പേര്‍ പങ്കെടുത്തിരുന്നു. ഗര്‍ഭഛിദ്രത്തിനെതിരേയുള്ള ബാനറുകളും മെഴുകുതിരികളും കൈയിലേന്തി മലയാളികള്‍ അടക്കം നിരവധി പേരാണ് റാലിയില്‍ പങ്കെടുത്തത്.
ഡൗണ്‍ സിന്‍ഡ്രോം ബാധിതരായ കുഞ്ഞുങ്ങളോടുള്ള വിവേചനം അവസാനിപ്പിക്കാന്‍ ഒരു നിവേദനവും തയാറാക്കിയിട്ടുണ്ട്. ഈ നിവേദനത്തില്‍ ഒപ്പിട്ട് നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറണമെന്നും ഓസ്‌ട്രേലിയന്‍ ക്രിസ്ത്യന്‍ ലോബി അഭ്യര്‍ത്ഥിക്കുന്നു.
നിവേദനത്തില്‍ ഒപ്പിടാനുള്ള ലിങ്ക്: https://www.parliament.wa.gov.au/Parliament/LCePetitions.nsf/($All)/4730C29869C8D8E24825899E000822C2?opendocument