ശിവമോഗ
സൊറബ മണ്ഡലത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മക്കൾ വീണ്ടും ഏറ്റുമുട്ടുന്നു. സിറ്റിങ് എംഎൽഎയായ കുമാർ ബംഗാരപ്പയാണ് ബിജെപി സ്ഥാനാർഥി. ജെഡിഎസ് വിട്ട് കോൺഗ്രസിൽ എത്തിയ മധു ബംഗാരപ്പയും മത്സരരംഗത്തുണ്ട്. എസ് ബംഗാരപ്പയുടെ ഛായാ ചിത്രം പതിച്ച പ്രചാരണ വാഹനങ്ങളിലാണ് ബിജെപിയുടെയും കോൺഗ്രസിന്റെ സ്ഥാനാർഥികൾ വോട്ടുതേടുന്നത്. 1967 മുതൽ 1996 വരെ എസ് ബംഗാരപ്പ ഏഴു തവണ ജയിച്ച പിന്നാക്ക മണ്ഡലമാണ് സൊറബ.
സംയുക്ത സോഷ്യലിസ്റ്റ് പാർടി സ്ഥാനാർഥിയായി തുടങ്ങിയ എസ് ബംഗാരപ്പ കോൺഗ്രസ്, ജനത പാർടി, കർണാടക റവല്യൂഷണറി ഫ്രണ്ട് തുടങ്ങിയവയിൽ പ്രവർത്തിച്ചു. ബിജെപി, സമാജ്വാദി പാർടി, ജനതാദൾ എസ് ടിക്കറ്റിലും എസ് ബംഗാരപ്പ മത്സരിച്ചു. പിന്നീട് കർണാടക കോൺഗ്രസ് പാർടി രൂപീകരിച്ചു. 1996ൽ ദേശീയ രാഷ്ട്രീയത്തിലേക്ക് എസ് ബംഗാരപ്പ കളംമാറിയപ്പോൾ കർണാടക കോൺഗ്രസ് പാർടി സ്ഥാനാർഥിയായി മൂത്തമകൻ കുമാർ ബംഗാരപ്പയെ രംഗത്തിറക്കി.
കൂറുമാറ്റത്തിൽ അച്ഛന്റെ പാരമ്പര്യം കാത്തുസൂക്ഷിച്ച കുമാർ ബംഗാരപ്പ കോൺഗ്രസ് ടിക്കറ്റിലാണ് 1999ലും 2004ലും ജയിച്ചത്. എന്നാൽ, 2008ൽ സൊറബ ബിജെപി പിടിച്ചു. 2013ൽ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും കുമാർ ബംഗാരപ്പ മത്സരിച്ചു. ഈ ഘട്ടത്തിൽ ജെഡിഎസ് സ്ഥാനാർഥിയായി രംഗത്തെത്തിയ എസ് ബംഗാരപ്പയുടെ ഇളയമകനായ മധു ബംഗാരപ്പ ജയിച്ചു. കുമാർ ബംഗാരപ്പ മൂന്നാം സ്ഥാനത്തായി. 2018ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ച കുമാർ ബംഗാരപ്പ ജയിച്ചു. മധു ബംഗാരപ്പ തോറ്റു. ഇത്തവണ ജെഡിഎസ് വിട്ട് മധു ബംഗാരപ്പ കോൺഗ്രസ് സ്ഥാനാർഥിയായി.