ന്യൂഡൽഹി
ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) വിദേശമന്ത്രിമാരുടെ ഗോവയിൽ നടന്ന സമ്മേളനത്തിൽ കൊമ്പുകോർത്ത് ഇന്ത്യയും പാകിസ്ഥാനും. അധ്യക്ഷപ്രസംഗത്തിലടക്കം പാകിസ്ഥാനെതിരെ ഇന്ത്യൻ വിദേശമന്ത്രി എസ് ജയ്ശങ്കർ രൂക്ഷമായി വിമർശിച്ചു. ഭീകരവാദത്തിന്റെ ഇരകൾ അതിന്റെ ആസൂത്രകരുമായി ഒരുമിച്ചിരുന്ന് ഭീകരതയെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് ജയ്ശങ്കർ പറഞ്ഞു. ഭീകരവാദ വ്യവസായത്തിന്റെ വക്താവാണ് പാകിസ്ഥാൻ വിദേശമന്ത്രി ബിലാവൽ ഭൂട്ടോയെന്നും ജയ്ശങ്കർ പ്രതികരിച്ചു.
370–-ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യക പദവി ഇല്ലാതാക്കിയത് ചർച്ചകൾക്കുള്ള വഴിയടച്ചെന്ന് ബിലാവൽ ഭൂട്ടോ പ്രതികരിച്ചു. ചർച്ചയ്ക്കുള്ള സാഹചര്യം ഒരുക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു. റഷ്യ, ചൈന, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ രാജ്യങ്ങളുടെ വിദേശമന്ത്രിമാരും സമ്മേളനത്തിൽ പങ്കെടുത്തു.