ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതിയായ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണെതിരായ സമരത്തിന് പിന്തുണയുമായി ഖാപ്പ് പഞ്ചായത്തുകളും കർഷകരും. ഞായറാഴ്ച ഡൽഹിയിലേക്ക് കർഷകർ മാർച്ച് പ്രഖ്യാപിച്ചു. മുസഫർനഗറിലെ സർവ്ഖാപ്പ് ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് ഹരിയാന, യുപി, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽനിന്നുള്ള നേതാക്കൾ ഏകകണ്ഠമായി തീരുമാനം പ്രഖ്യാപിച്ചത്. ബ്രിജ്ഭൂഷണെ ജയിലിലടച്ച് താരങ്ങൾക്ക് നീതിയുറപ്പാക്കാത്തപക്ഷം ദേശീയ പാതകളടക്കം തടഞ്ഞ് ശക്തമായ സമരം തുടങ്ങും. സമരവേദിയിൽ മഹാപഞ്ചായത്ത് ചേരും.ഗുസ്തി താരങ്ങളെ ഡൽഹി പൊലീസ് ആക്രമിച്ച പശ്ചാത്തലത്തിലാണ് കർഷക മാർച്ച്.
പെൺകുട്ടികളെ സംരക്ഷിക്കുമെന്ന് പറയുന്ന ബിജെപി, വനിതാ താരങ്ങളെ തല്ലിച്ചതച്ചുവെന്ന് ഹരിയാന ധൻഖർ ഖാപ്പിന്റെ തലവൻ ഓം പ്രകാശ് ധൻഖർ പ്രതികരിച്ചു. പ്രക്ഷോഭം പ്രഖ്യാപിച്ചതോടെ നേതാക്കളെയും കർഷകരെയും അതിർത്തിയിൽ തടയാൻ പൊലീസ് നീക്കം തുടങ്ങി.
താരങ്ങൾക്ക് നീതിയുറപ്പാക്കുന്നില്ലെങ്കിൽ ദ്രോണാചാര്യ അടക്കമുള്ള പുരസ്കാരങ്ങൾ കേന്ദ്രത്തിന് തിരിച്ചു നൽകുമെന്ന് പരിശീലകൻ മഹാവീർസിങ് ഫോഗട്ട് പ്രഖ്യാപിച്ചു. നിലവിൽ ഹരിയാനയിലെ ബിജെപി നേതാവ് കൂടിയാണ് മഹാവീർ.അതിനിടെ ദേശീയ ഒളിമ്പിക്സ് അസോസിയേഷൻ നിയമിച്ച കമ്മിറ്റി വെള്ളിയാഴ്ച ഗുസ്തി ഫെഡറേഷൻ പ്രവർത്തനങ്ങൾ ഏറ്റെടുത്തു