തിരുവനന്തപുരം
കടലിൽ മണൽ ഖനനം നടത്താൻ കോർപറേറ്റ് കമ്പനികൾക്ക് അനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകളുടെ പൊതുവേദിയായ കേരള ഫിഷറീസ് കോ–- ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് മത്സ്യത്തൊഴിലാളികളുടെ പടുകൂറ്റൻ മാർച്ച്.
മാർച്ച് സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി ഉദ്ഘടനംചെയ്തു. പരമ്പരാഗതമായി കടലിൽ പോയി മത്സ്യം പിടിച്ച് ഉപജീവനം നടത്തുന്നവരുടെയും അനുബന്ധമേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെയും ജീവിതത്തെ തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുമെന്ന് എളമരം കരീം എംപി പറഞ്ഞു. കോർപറേറ്റുകൾക്ക് കടലിനെ കൊള്ളയടിച്ച് നൂറുകണക്കിന് കോടി രൂപയുടെ ധാതുസമ്പത്തുകൾ കൈവശപ്പെടുത്താൻ അനുമതി നൽകുന്നത് തികച്ചും രാജ്യദ്രോഹപരമാണെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി അശോകൻ അധ്യക്ഷനായി. ജനറൽ കൺവീനർ പി പി ചിത്തരഞ്ജൻ എംഎൽഎ, ജെ മേഴ്സിക്കുട്ടിയമ്മ,എസ് ശർമ, ഉമ്മർ ഒട്ടുമ്മൽ, മഞ്ചാടി അലി (എസ്ടിയു), ജാക്സൺ വെള്ളായിൽ (സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ), ടി രഘുവരൻ (എഐടിയുസി), ആർ ഗംഗാധരൻ,
മുനമ്പം സന്തോഷ് (മത്സ്യത്തൊഴിലാളി കോൺഗ്രസ്), ആർ പ്രസാദ് (എഐടിയുസി), ചാൾസ് ജോർജ്, പി ജെയ്ൻ (ടി യുസിഐ), അഡ്വ.അഡോൾഫ്, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, പുല്ലുവിള സ്റ്റാൻലി എന്നിവർ സംസാരിച്ചു.