മനാമ > റിയാദ് ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്ത് തീപിടിത്തത്തില്‍ രണ്ട് മലയാളികള്‍ അടക്കം ആറ് ഇന്ത്യക്കാര്‍ മരിച്ചു. മലപ്പുറം സ്വദേശികളായ വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന് അബ്ദുല്‍ ഹക്കീം (31), മേല്‍മുറി 27 നൂറേങ്ങല്‍ മുക്കിലെ കാവുങ്ങല്ത്തൊടി വീട്ടില്‍ ഇര്ഫാന് ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍.
മധുര സ്വദേശി സീതാറാം രാജഗോപാല്‍(36), ചെന്നൈ സ്വദേശി കാര്‍ത്തിക് (41), ഗുജറാത്ത് സൂറത്ത് സ്വദേശി യോഗേഷ് കുമാര്‍ (36), മുംബൈ സ്വദേശി അസ്ഫര്‍ അലി (26) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
വെള്ളി പുലര്‍ച്ചെ ഒന്നരക്കാണ് ദുരന്തം. താല്‍ക്കാലികമായി നിര്‍മ്മിച്ച റൂമിലെ ഏസി ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പൊട്ടിതെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് റിപ്പോര്‍ട്ടുണ്ട്.
പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരില്‍ മൂന്ന് പേര്‍ക്ക് താമസരേഖ (ഇഖാമ) ലഭിച്ചത്. ഹക്കീം സൗദിയില്‍ എത്തിയത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്.
മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സാമൂഹ്യ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.