കൊച്ചി> യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വരവറിയിച്ച് ‘പലർകൂടും പാട്ടുവഞ്ചി’ പ്രയാണം തുടങ്ങി. പാട്ടുകളും കവിതകളും വിപ്ലവഗാനങ്ങളുമായി നാട് ചുറ്റി യുവതയുടെ ആഘോഷത്തിന് അരങ്ങൊരുക്കുകയാണ് ഇതിലെ കലാകാരന്മാർ. ആദ്യദിനം വെളി, പാണ്ടിക്കുടി, തോപ്പുംപടി, ചുള്ളിക്കൽ, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ പരിപാടി അവതരിപ്പിച്ചു. ശനിയാഴ്ച നഗരത്തിലും ഫോർട്ട് കൊച്ചിയിലെ കവലകളിലും പാട്ടുവഞ്ചിയെത്തും.
ഫോർട്ട് കൊച്ചി കമാലക്കടവിൽ സംവിധായകൻ അമൽ നീരദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ വി വസീഫ് അധ്യക്ഷനായി. കെ ജെ മാക്സി എംഎൽഎ, ഫെസ്റ്റിവൽ ഡയറക്ടർ ബെന്യാമിൻ, യുവധാര പബ്ലിഷർ വി കെ സനോജ്, ഫെസ്റ്റിവൽ കോ–-ഓർഡിനേറ്റർ ഡി അനിൽകുമാർ, കെ എം റിയാദ്, അനിഷ് മാത്യു, കൺവീനർ എ ആർ രഞ്ജിത്, മീനു സുകുമാരൻ എന്നിവർ സംസാരിച്ചു. 12 മുതൽ 14 വരെ ഫോർട്ട് കൊച്ചിയിലാണ് യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ.