പാരിസ്
മോദി ഭരണത്തിൽ നാവരിയപ്പെടുന്ന ഇന്ത്യൻ മാധ്യമങ്ങളുടെ ദുരവസ്ഥ വ്യക്തമാക്കി ലോക മാധ്യമസ്വാതന്ത്ര്യ സൂചിക. 180 രാജ്യങ്ങളുടെ പട്ടികയിൽ ഇക്കൊല്ലം ഇന്ത്യ 161–-ാം സ്ഥാനത്തായി. 2022ലെ 150–-ാം സ്ഥാനത്തേക്കാൾ 11 ഇടം പിറകിൽ. പാരിസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സാണ് (ആർഎസ്എഫ്) റിപ്പോർട്ട് പുറത്തിറക്കിയത്. ഭീകരസംഘടനയായ താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാൻപ്പോലും മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യയേക്കാൾ വളരെ മുന്നില്‍;- 152–-ാം സ്ഥാനം.
മാധ്യമപ്രവർത്തകരുടെ അവസ്ഥ അതിദയനീയമെന്ന് സംഘടനവിലയിരുത്തുന്ന 31 രാഷ്ട്രങ്ങളുടെ പട്ടികയിലാണ് നിലവിൽ ഇന്ത്യ. ഏഷ്യയിൽ മാധ്യമസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറ്റവും പിന്നില്‍. ബംഗ്ലാദേശ്: 163, പാകിസ്ഥാൻ: 150, ഭൂട്ടാൻ: 90, ശ്രീലങ്ക: 135 സ്ഥാനങ്ങളില്‍. നോർവേ, അയർലൻഡ്, ഡെന്മാർക്ക് എന്നിവയാണ് സൂചികയിൽ ആദ്യ മൂന്നുസ്ഥാനത്ത്.
കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം മോശമായി. 2016ൽ 133–-ാം സ്ഥാനത്തായിരുന്നത് 2021ല്‍ 142ൽ എത്തി. ‘2014 മുതൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരിക്കുന്ന ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം പ്രതിസന്ധിയിലാണ്. മാധ്യമപ്രവർത്തകർക്കുനേരെ കൂടിവരുന്ന ആക്രമണം, മാധ്യമങ്ങൾക്കിടയിലെ രാഷ്ട്രീയ ഭിന്നതകൾ, മാധ്യമ ഉടമസ്ഥതയുടെ കേന്ദ്രീകരണം തുടങ്ങിയവയെല്ലാം ഇക്കാലയളവിൽ ഇന്ത്യൻ മാധ്യമങ്ങളെ ശോചനീയ അവസ്ഥയിലാക്കി’–- റിപ്പോർട്ട് പറയുന്നു.
മോദി സർക്കാരും കോർപറേറ്റുകളും തമ്മിലുള്ള പരസ്പര സഹായ ധാരണയാണ് മാധ്യമങ്ങളെ അപകടത്തിലാക്കിയതെന്ന് മോദി–- മുകേഷ് അംബാനി കൂട്ടുകെട്ട് ഉദാഹരണമാക്കി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് രാജ്യത്ത് 70 മാധ്യമ സ്ഥാപനങ്ങൾ സ്വന്തമാക്കി. മോദിയുടെ മറ്റൊരു സുഹൃത്തായ ഗൗതം അദാനി എൻഡിടിവി കൈപ്പിടിയിലാക്കിയതും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.മാധ്യമപ്രവർത്തകരുടെ സുരക്ഷയിലാണ് ഇന്ത്യ ഏറ്റവും മോശം(172–-ാം സ്ഥാനം). 180 രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ പിന്നില്‍ ചൈന, മെക്സിക്കോ, ഇറാൻ, പാകിസ്ഥാൻ, സിറിയ, യമൻ, ഉക്രയ്ൻ, മ്യാന്മർ എന്നീ എട്ട് രാജ്യംമാത്രം.
നാണംകെട്ട് ഇന്ത്യ
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയശേഷം മാധ്യമപ്രവർത്തകർക്കു നേരെയുള്ള ആക്രമണം വർധിച്ചു. ഭരണകൂടത്തിനെയും ബിജെപിയെയും വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ അധികാരം ഉപയോഗിച്ച് അടിച്ചമർത്തി. കള്ളക്കേസിൽ കുടുക്കിയും തടവിലാക്കിയുമെല്ലാം എതിർ ശബ്ദങ്ങളെ നിശ്ശബ്ദമാക്കുകയാണ് കേന്ദ്ര സർക്കാർ. സംഘപരിവാറുകാർ മാധ്യമപ്രവർത്തകരെ ആക്രമിച്ചാൽ കേസെടുക്കാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ പിന്തുണ നൽകുന്നു. ഇത്തരം നടപടികളിലൂടെ രാജ്യത്തെ ലോക മാധ്യമസ്വാതന്ത്ര്യ സൂചികയിൽ വീണ്ടും പിറകോട്ട് നയിക്കുകയാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 22 മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. റാങ്കിങ് വർഷംതോറും കൂപ്പു കുത്തി. ഈ കാലയളവിൽ 20 പോയിന്റിലധികമാണ് കുറഞ്ഞത്.
ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന
ലോകമെമ്പാടും മാധ്യമസ്വാതന്ത്ര്യം വെല്ലുവിളി നേരിടുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്ര സംഘടന. മറ്റെല്ലാ സ്വാതന്ത്ര്യവും മാധ്യമസ്വാതന്ത്ര്യത്തെ ആശ്രയിച്ചാണെന്ന് ലോക മാധ്യമസ്വാതന്ത്ര്യ ദിനത്തിൽ സംസാരിക്കവെ, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഓർമിപ്പിച്ചു. സ്വന്തം ജോലി ചെയ്യുന്നതിന് മാധ്യമപ്രവർത്തകരെ കേസിൽ കുടുക്കി ജയിലിലടയ്ക്കുന്ന സ്ഥിതി അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവശ്യപ്പെട്ടു.
(റിസേര്‍ച്ച് ഡെസ്ക്)