മൊഹാലി
എതിരാളികൾക്ക് മുംബൈ ഇന്ത്യൻസിന്റെ താക്കീത്. റൺമലയുമായി എത്തിയ പഞ്ചാബ് കിങ്സിനെ അനായാസം വീഴ്ത്തി രോഹിത് ശർമയും സംഘവും കരുത്തുകാട്ടി. ഐപിഎല്ലിൽ ആറാംകിരീടം ഉയർത്താൻ പ്രാപ്തരാണെന്ന വിളംബരം മുംബൈക്കാർ മുഴക്കി. 215 റൺ വിജയലക്ഷ്യം ഏഴ് പന്ത് ബാക്കിനിൽക്കേ മറികടന്നു. ആറ് വിക്കറ്റിനാണ് ഉജ്വലജയം.
ഇഷാൻ കിഷനും സൂര്യകുമാർ യാദവുമാണ് മിന്നൽവേഗത്തിൽ ലക്ഷ്യത്തിലെത്തിച്ചത്. ഇഷാൻ 41 പന്തിൽ നേടിയത് 75 റൺ. നാല് സിക്സറും ഏഴ് ഫോറും പായിച്ചു. സൂര്യകുമാറിന്റെ 31 പന്തിലെ 66 റണ്ണിൽ, രണ്ട് സികസ്റുകളുടെയും എട്ട് ബൗണ്ടറിയുടെയും അകമ്പടിയുണ്ടായി. നേരത്തേ 42 പന്തിൽ 89 റണ്ണുമായി പുറത്താകാതെനിന്ന ലിയാം ലിവിങ്സ്റ്റണാണ് പഞ്ചാബിനെ 200 കടത്തിയത്.
സ്കോർ: പഞ്ചാബ് 3–-214, മുംബൈ 4–-216 (18.5)
കഴിഞ്ഞ കളിയിൽ രാജസ്ഥാൻ റോയൽസിനെതിരെയും 200ന് മുകളിൽ പിന്തുടർന്ന് ജയം നേടിയിരുന്നു മുംബൈ. രോഹിതിനെ ആദ്യ ഓവറിൽ നഷ്ടമായെങ്കിലും മുംബൈ പതറിയില്ല. കാമറൂൺ ഗ്രീനിന് (23) പിന്നാലെയെത്തിയ സൂര്യകുമാറിനെ കൂട്ടുപിടിച്ച് ഇഷാൻ നയിച്ചു. ഇരുവരും തകർത്തടിച്ചു. 55 പന്തിൽ 116 റണ്ണാണ് ചേർത്തത്. പഞ്ചാബിന് ലിവിങ്സ്റ്റണൊപ്പം 27 പന്തിൽ 49 റണ്ണുമായി ജിതേഷ് ശർമയായിരുന്നു കൂട്ട്. ഈ സഖ്യം 53 പന്തിൽ 119 റണ്ണാണ് അടിച്ചുകൂട്ടിയത്.