കോട്ടയം
കോട്ടയം, കണ്ണൂർ എഡിഷനുകളുടെ പരിധിയിൽ വരിക്കാരുടെ എണ്ണത്തിൽ ദേശാഭിമാനി വീണ്ടും രണ്ടാമത്. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷന്റെ(എബിസി) 2022 ജൂലൈമുതൽ ഡിസംബർ വരെയുള്ള കണക്കാണിത്.
കോട്ടയത്ത് മൂന്നാമതുള്ള പത്രത്തേക്കാൾ 5,772 കോപ്പി ദേശാഭിമാനിക്ക് കൂടുതലുണ്ട്. 2022 ജനുവരി മുതൽ -ജൂൺവരെയുള്ള കാലത്തെ എബിസി റിപ്പോർട്ട് പ്രകാരവും കോട്ടയം എഡിഷൻ പരിധിയിലെ വരിക്കാരുടെ എണ്ണത്തിൽ ദേശാഭിമാനിയായിരുന്നു രണ്ടാമത്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഉൾപ്പെട്ടതാണ് കോട്ടയം എഡിഷൻ. കണ്ണൂർ എഡിഷൻ പരിധിയിലും ദേശാഭിമാനിയാണ് രണ്ടാമത്. സംസ്ഥാനത്ത് ഏറ്റവും പ്രചാരമുള്ള പത്രം കണ്ണൂർ എഡിഷൻ പരിധിയിൽ വരിക്കാരുടെ എണ്ണത്തിൽ മൂന്നാമതാണ്. ദേശാഭിമാനിയേക്കാൾ 12,841 കോപ്പി കുറവ്.
കോവിഡ് പ്രതിസന്ധിക്കിടയിലും വളർച്ച രേഖപ്പെടുത്തിയ ഏക മലയാളപത്രമാണ് ദേശാഭിമാനി. തൊട്ടടുത്തുള്ള രണ്ട് പത്രങ്ങൾക്കും വരിക്കാരുടെ എണ്ണത്തിൽ ഇക്കാലത്ത് ലക്ഷങ്ങളുടെ കുറവുണ്ടായി. വായനക്കാരുടെ എണ്ണത്തിലും ഗണ്യമായ വർധന ദേശാഭിമാനി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് എഡിഷനുകളാണ് ദേശാഭിമാനിക്കുള്ളത്.