ബംഗളൂരു> കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗദളിനെ നിരോധിക്കുമെന്ന വാഗ്ദാനവുമായി കോൺഗ്രസ് പ്രകടനപത്രിക. കോൺഗ്രസ് ഭരിക്കുന്ന ഛത്തിസ്ഗഢിലടക്കം ക്രൈസ്തവവേട്ട നടത്തുന്ന ബജ്റംഗദളുകാർക്കെതിരെ കേസെടുക്കാൻ പോലും മടിക്കുമ്പോഴാണ് കർണാടകത്തിൽ പരിഹാസ്യമായ പുതിയ പ്രഖ്യാപനം.
ബിജെപി റദ്ദാക്കിയ മുസ്ലിം സംവരണം പുനഃസ്ഥാപിക്കുമെന്നും സംവരണപരിധി ഉയർത്തുമെന്നുമാണ് പ്രധാന വാഗ്ദാനം. 50 ശതമാനം സംവരണപരിധി 70 ശതമാനമായി ഉയർത്തുമെന്നാണ് പ്രഖ്യാപനം. സൗജന്യ വൈദ്യുതി, കുടുംബനാഥയ്ക്ക് 2000 രൂപ പ്രതിമാസ ഓണറേറിയം തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ട്.
ഏക സിവിൽ കോഡ് വാഗ്ദാനവുമായി കർണാടകത്തിൽ ബിജെപിയുടെ പ്രകടനപത്രിക. ഏക സിവിൽ കോഡ് നടപ്പാക്കാൻ പ്രത്യേക കമ്മിറ്റിയെ നിയമിക്കും. കമ്മിറ്റിയുടെ ശുപാർശയനുസരിച്ച് യുസിസി നടപ്പാക്കും. ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്നും വാഗ്ദാനമുണ്ട്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് വർഷത്തിൽ മൂന്ന് പാചകവാതക സിലിണ്ടറും ദിവസേന അരലിറ്റർ പാലും സൗജന്യമായി നൽകുമെന്നും പ്രഖ്യാപനമുണ്ട്.















