ചെന്നെെ> ഫാക്ടറി തൊഴിലാളികളുടെ പ്രവൃത്തിസമയം 12 മണിക്കൂർവരെയായി ഉയർത്തിയ നിയമം പിൻവലിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മെയ് ദിനാഘോഷങ്ങളുടെ ഭാഗമായി ചെന്നൈയിലെ മെയ് ഡെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രഖ്യാപനം. തൊഴിലാളി സംഘടനകളുടെയും ഇടതുപക്ഷത്തിന്റെയും ശക്തമായ സമ്മർദ്ദത്തെ തുടർന്നാണ് നടപടി.
നിയമനിർമാണം നടത്താൻ മാത്രമല്ല ഒരു നിയമം പിൻവലിക്കാനും ധൈര്യം ആവശ്യമാണെന്ന് സ്റ്റാലിൻ പറഞ്ഞു. തൊഴിലാളികളുടെ ക്ഷേമകാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. സംസ്ഥാനത്ത് വ്യവസായം വളരുന്നതോടൊപ്പം തൊഴിലാളികളുടെ ജീവിതനിലവാരവും മെച്ചപ്പെടണമെന്നും സ്റ്റാലിൻ പറഞ്ഞു. ഏപ്രിൽ 21നാണ് ഫാക്ടറീസ് (ഭേദഗതി) നിയമം പാസാക്കിയത്.















