ന്യൂഡൽഹി
ജനപ്രതിനിധിയായിരുന്ന രാഹുൽ ഗാന്ധി പ്രസ്താവന നടത്തുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമായിരുന്നെന്ന് ഗുജറാത്ത് ഹൈക്കോടതി. അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേട്ട് കോടതി ഉത്തരവിനെതിരെ രാഹുൽ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ്- ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിന്റെ പരാമർശം. സെഷൻസ് കോടതി അപ്പീൽ തള്ളിയിരുന്നു. തുടർന്നാണ്, ഹൈക്കോടതിയെ സമീപിച്ചത്. ‘എല്ലാ കള്ളന്മാർക്കും മോദിയെന്ന പേര് വന്നതെങ്ങനെ?’–- എന്ന പരാമർശമാണ് കേസിന് ആധാരം. അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന കോടതിവിധിയിലൂടെ രാഹുലിന് സ്വന്തം മണ്ഡലത്തെയും ജനങ്ങളെയും പ്രതിനിധാനം ചെയ്യാനുള്ള അവകാശം നഷ്ടപ്പെട്ടെന്ന്
അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ മനുഅഭിഷേക് സിങ്വി ചൂണ്ടിക്കാട്ടി. മോദിയെന്ന് പേരുള്ളവരെ മുഴുവൻ അപകീർത്തിപ്പെടുത്തിയെന്ന വാദം നിലനിൽക്കില്ലെന്ന വാദവും സിങ്വി ഉന്നയിച്ചു. എന്നാൽ, ജനപ്രതിനിധിയുടെ അതിരുകൾക്കുള്ളിൽനിന്നായിരുന്നു രാഹുൽ പ്രസ്താവന നടത്തേണ്ടിയിരുന്നതെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. രാഹുലിന്റെ വാദങ്ങൾക്ക് ചൊവ്വാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കേസ് നൽകിയ പുർണേഷ് മോദിയോട് ഹൈക്കോടതി നിർദേശിച്ചു. ചൊവ്വാഴ്ച വാദംകേൾക്കൽ പൂർത്തിയാക്കും.