മുംബൈ
ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് ജയം. രാജസ്ഥാൻ റോയൽസിനെ ആറ് വിക്കറ്റിന് വീഴ്ത്തി. യശസ്വി ജയ്സ്വാളിന്റെ (62 പന്തിൽ 124) തകർപ്പൻ സെഞ്ചുറിയിൽ രാജസ്ഥാൻ ഉയർത്തിയ 213 വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിനിൽക്കേ മുംബൈ മറികടന്നു. ജാസൺ ഹോൾഡറിന്റെ അവസാന ഓവറിൽ ആദ്യ മൂന്ന് പന്തും സിക്സർ പായിച്ച് ടിം ഡേവിഡാണ് (14 പന്തിൽ 45*) ജയം നൽകിയത്. സൂര്യകുമാർ യാദവും (29 പന്തിൽ 55) കാമറൂൺ ഗ്രീനും (26 പന്തിൽ 44) പിന്തുണ നൽകി.
സ്കോർ: രാജസ്ഥാൻ 7–-212 മുംബൈ 4–-214 (19.3)
16 ഫോറും എട്ട് സിക്സറുമായിരുന്നു ജയ്സ്വളിന്റെ ഇന്നിങ്സ്. അവസാന രണ്ട് പന്തുവരെ ബാറ്റ് ചെയ്ത യുവ ഓപ്പണർക്ക് പിന്തുണ നൽകാൻ കാര്യമായി ആളുണ്ടായില്ല. സഹ ഓപ്പണർ ജോസ് ബട്ലർ 19 പന്തിൽ 18 റണ്ണുമായി മടങ്ങി. സഞ്ജു സാംസൺ ഓരോ സിക്സറും ഫോറുമടിച്ച് തുടങ്ങിയെങ്കിലും 14 റണ്ണിൽ അവസാനിച്ചു.
ഐപിഎല്ലിലെ ആയിരാമത്തെ മത്സരമായിരുന്നു ഇത്.