ന്യൂഡൽഹി
പ്രധാനമന്ത്രിയുമായി അടുപ്പമുണ്ടെന്ന് കാട്ടി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നടത്തിയ സഞ്ജയ് പ്രകാശ് റായ് ഷെർപുരിയയുടെ ബിജെപി ബന്ധം പുറത്ത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഗാസിയാബാദിൽ ബിജെപി സ്ഥാനാർഥിയായ മനോജ് സിൻഹയ്ക്ക് സഞ്ജയ് 25 ലക്ഷം രൂപ വായ്പ നൽകിയതിന്റെ രേഖപുറത്തായി.
സിൻഹ തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കിലാണ് ഇതുള്ളത്. തെരഞ്ഞെടുപ്പിൽ തോറ്റ സിൻഹയെ 2020 ആഗസ്തിൽ ജമ്മു–-കശ്മീർ ലഫ്. ഗവർണറായി നിയമിച്ചു.
സഞ്ജയ് രൂപീകരിച്ച വൈആർഇഎഫ് എന്ന കമ്പനിക്ക് ഡിസംബറിൽ കേന്ദ്ര ക്ഷീരവികസന മന്ത്രാലയം രണ്ടു കോടി രൂപ അനുവദിച്ചതായും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.ഇവർക്ക് വാരാണസിയിൽ ഓഫീസുണ്ട്. ഡൽഹി കേന്ദ്രമായ ഡാൽമിയ ട്രസ്റ്റിൽനിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസിൽ സഞ്ജയിനെ കഴിഞ്ഞ ദിവസം ലഖ്നൗ പൊലീസ് അറസ്റ്റ് ചെയ്തു. ഉന്നതസ്വാധീനം ഉപയോഗിച്ച് കാര്യങ്ങൾ സാധിച്ചുകൊടുക്കാമെന്ന് വിശ്വസിപ്പിച്ച് വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും റായ് പണം അപഹരിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രധാനമന്ത്രിയെക്കുറിച്ച് ‘ദിവ്യ ദൃഷ്ടി മോദി’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥനായി നടിച്ച് ജമ്മു -കശ്മീരിൽ കറങ്ങിയ ഗുജറാത്ത് സ്വദേശി കിരൺ പട്ടേൽ എന്നയാളും ഈയിടെ പിടിയിലായി.