ന്യൂഡൽഹി
ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തിതാരങ്ങൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ ബൈചുങ് ബൂട്ടിയയും. രാജ്യത്തിന് ചോരയും നീരും നൽകിയ കായികതാരങ്ങൾക്ക് നീതിക്ക് അവകാശമുണ്ടെന്ന് ബൂട്ടിയ സമൂഹ മാധ്യമത്തിൽ കുറിച്ചു.
കരിയറിന്റെ അവസാന കാലത്തുള്ളവരാണ് സമരമുഖത്തേക്ക് വരാൻ ധൈര്യം കാട്ടിയതെന്ന് മുൻ ഹോക്കി ടീം ക്യാപ്റ്റൻ വിരേൻ റാസ്ക്വിൻഹ കുറിച്ചു. ബുക്കർ പുരസ്കാര ജേതാവ് ഗീതാഞ്ജലി ശ്രീയും താരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ബോക്സിങ് താരം വിജേന്ദർ സിങ്, നടൻ പ്രകാശ് രാജ്, ക്രിക്കറ്റ് താരങ്ങളായ ഇർഫാൻ പത്താൻ, വിരേന്ദ്ര സെവാഗ്, മനോജ് തിവാരി, ഹർഭജൻ സിങ് തുടങ്ങിയവരും പിന്തുണ പ്രഖ്യാപിച്ചിരുന്നു.