ന്യൂഡൽഹി
ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിനെതിരെ നടത്തിയ പരാമർശത്തെ വിമർശിച്ച് പത്രത്തിൽ ലേഖനം എഴുതിയതിന്റെ പേരിൽ ജോൺ ബ്രിട്ടാസ് എംപിയെ രാജ്യസഭാ അധ്യക്ഷൻ ജഗ്ദീപ് ധൻഖർ വിളിച്ചുവരുത്തി വിശദീകരണം തേടി. ഡൽഹിയിൽനിന്ന് പ്രസിദ്ധീകരിക്കുന്ന ‘ദി ഇന്ത്യൻ എക്പ്രസ്’ പത്രത്തിൽ ഫെബ്രുവരി 20ന് എഴുതിയ ലേഖനത്തെക്കുറിച്ചുള്ള ബിജെപി പരാതിയിലാണ് കേട്ടുകേൾവിയില്ലാത്ത നടപടി. കർണാടകത്തിൽ പ്രസംഗിക്കവെ അമിത് ഷാ കേരളത്തെക്കുറിച്ച് ദുഃസൂചനയോടെ പരാമർശിച്ചതിനെ വിമർശിച്ചാണ് ബ്രിട്ടാസ് ലേഖനം എഴുതിയത്. ‘കേരളം നിങ്ങളുടെ അടുത്തുണ്ട്. ഞാൻ കൂടുതൽ പറയുന്നില്ല. ബിജെപിക്ക് മാത്രമേ കർണാടകത്തെ രക്ഷിക്കാൻ കഴിയൂ’ എന്നാണ് അമിത് ഷാ സംസാരിച്ചത്. ബ്രിട്ടാസിന്റെ വിമർശനം ദേശദ്രോഹപരമാണെന്നായിരുന്നു പരാതി.
രാജ്യസഭാ ചെയർമാന് മതിയായ വിശദീകരണം നൽകിയെന്ന് ബ്രിട്ടാസ് പറഞ്ഞു. അഭിപ്രായപ്രകടനം നടത്താനുള്ള ഭരണഘടനാപരമായ അവകാശം ഹനിക്കപ്പെടുകയാണ്. കടമ നിർവഹിക്കുന്നത് ഭയപ്പെടുത്തി തടയാനാണ് ശ്രമം. ബിജെപിയുടെ പരാതിയുടെ സ്വഭാവംതന്നെ അപലപനീയമാണെന്നും ബ്രിട്ടാസ് പറഞ്ഞു. ലേഖനം എഴുതിയതിൽ ഇടപെടാൻ ലോക്സഭാ സ്പീക്കർക്ക് അധികാരമില്ലെന്ന് ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.