തിരുവനന്തപുരം
രാജ്യത്തെ പ്രതിരോധ മേഖലയിൽനിന്നടക്കം കോടികളുടെ ഓർഡർ ലഭിക്കുകയും നിരവധി പുതിയ ഉൽപ്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടക്കുകയും ചെയ്യുമ്പോൾതന്നെ കെൽട്രോണിനെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് സ്വകാര്യമേഖലയ്ക്കുവേണ്ടി. അടുത്തിടെ കെൽട്രോണിന് ലഭിച്ച വമ്പൻ ഓർഡറുകളാണ് നീക്കത്തിന് പിന്നിൽ.
മുംബൈ–- പുണെ എക്സ്പ്രസ് ഹൈവേയിൽ ട്രാഫിക് എൻഫോഴ്സ്മെന്റ് സിസ്റ്റത്തിന് മഹാരാഷ്ട്ര സർക്കാരിൽനിന്നുള്ള കരാർ, ഇന്ത്യൻ നാവികസേനയുടെ കപ്പലുകളിൽ ജലസമ്പർക്ക ഭാഗങ്ങൾ നിർമിക്കാനുള്ള കരാർ, പ്രതിരോധരംഗത്ത് ആവശ്യമായ സാമഗ്രികൾക്കുള്ള കരാർ, കെൽട്രോൺ– -നിപ്പോൺ കൺസോർഷ്യത്തിന് തിരുപ്പതി സ്മാർട്ട് സിറ്റിയിൽനിന്ന് 180 കോടിയുടെ ഓർഡർ എന്നിവയാണ് കെൽട്രോണിന് ഏറ്റവും ഒടുവിൽ ലഭിച്ച കരാറുകളിൽ ചിലത്.
പ്രതാപകാലത്തേക്കുള്ള കെൽട്രോണിന്റെ തിരിച്ചുവരവ് ഈ രംഗത്ത് രാജ്യത്തും പുറത്തും പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്തുന്നുണ്ട്. പ്രതിരോധ ഇലക്ട്രോണിക്സ് ഉൽപ്പന്ന നിർമാണ സൗകര്യങ്ങളും ഗുണപരിശോധനാ സംവിധാനങ്ങളും വികസിപ്പിക്കാനുള്ള പ്രവർത്തനങ്ങളിലേക്ക് കെൽട്രോൺ കടന്നു. ഈ നവീകരണം യാഥാർഥ്യമാക്കുന്നതോടെ പ്രതിരോധമേഖലയിലേക്കുള്ള ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ വലിയതോതിൽ നിർമിക്കാനാകും. കേരളത്തിലെ ഇലക്ട്രോണിക്സ് വ്യവസായ മേഖലയ്ക്കുവേണ്ടി ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ നിർമാണശേഷം എൻഎബിഎൽ അക്രഡിറ്റേഷൻ ലഭിക്കാനുള്ള ഗുണപരിശോധനാ സംവിധാനങ്ങളും കെൽട്രോൺ സ്ഥാപിക്കുന്നുണ്ട്.
ലക്ഷ്യം 2000 കോടിയുടെ
വിറ്റുവരവ്
അമ്പതാം വർഷത്തിലേക്കു കടന്ന കെൽട്രോണിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കുന്നു. ഇതിന് 500 കോടിയുടെ മാസ്റ്റർ പ്ലാനുമുണ്ട്. കഴിഞ്ഞ വർഷം 500 കോടി വിറ്റുവരവ് പിന്നിട്ട കെൽട്രോൺ ഈവർഷം 1000 കോടിയാണ് ലക്ഷ്യമിടുന്നത്. മാസ്റ്റർപ്ലാൻ പൂർത്തിയാകുന്നതോടെ 2000 കോടിയുടെ വിറ്റുവരവും 1250 പുതിയ തൊഴിലവസരവും സൃഷ്ടിക്കാനാകും. ഡിഫൻസ് ഇലക്ട്രോണിക്സ്, പവർ ഇലക്ട്രോണിക്സ്, ട്രാഫിക് സിഗ്നൽസ് ആൻഡ് എൻഫോഴ്സ്മെന്റ് സൊല്യൂഷൻസ്, ഐടി സേവനങ്ങൾ എന്നീ മേഖലകൾക്ക് ഊന്നൽ നൽകിയാണ് മാസ്റ്റർപ്ലാൻ.