ഖാര്‍ത്തൂം
സുഡാനില്‍ സൈന്യം വ്യോമാക്രണം നിര്‍ത്തുന്നതുവരെ ചര്‍ച്ചയ്ക്കില്ലെന്ന് അര്‍ധ സൈനികവിഭാഗമായ ആര്‍എസ്എഫിന്റെ മേധാവി ജനറല്‍ മൊഹമ്മദ് ഹംദാന്‍ ഡഗാളോ. മൂന്നു ദിവസത്തേക്കുകൂടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ആർഎസ്എഫിനുനേരെ സൈന്യം നിരന്തരമായി വ്യോമാക്രണം നടത്തിവരികയാണെന്ന് ഡഗാളോ ബിബിസിയോട് പറഞ്ഞു.
ആക്രമണത്തിന് കാരണക്കാരന്‍ സൈനിക മേധാവി ജനറല്‍ അബ്ദേല്‍ ഫത്താ അല്‍-ബുര്‍ഹാനാണെന്നും തങ്ങള്‍ സുഡാനെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഡഗാളോ പറഞ്ഞു. സൈനിക മേധാവി ജനറൽ ബുർഹാനുമായി തനിക്ക് വ്യക്തിപരമായ പ്രശ്നങ്ങളില്ല. എന്നാൽ, മുൻ പ്രസിഡന്റ് ഒമർ അൽ ബഷീറിന്റെ വിശ്വസ്തരെ സർക്കാരിലേക്ക് കൊണ്ടുവന്നതിനാൽ അദ്ദേഹത്തെ രാജ്യദ്രോഹിയായി കണക്കാക്കുന്നുവെന്നും ഡഗാളോ പറഞ്ഞു. സുഡാനിൽ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ ശക്തമായി തുടരുകയാണ്. ഭക്ഷണം, വെള്ളം, ഇന്ധനം എന്നിവയുടെ ദൗർലഭ്യം രൂക്ഷമാണ്. തലസ്ഥാനമായ ഖാർത്തൂമിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്.
ഇന്ത്യയില്‍ എത്തിച്ച
117 പേര്
സമ്പര്‍ക്കവിലക്കില്‍
സംഘര്‍ഷഭൂമിയായ സുഡാനില്‍നിന്ന് രണ്ടായിരത്തിനാനൂറോളം ഇന്ത്യക്കാരെ പുറത്തെത്തിച്ചു. ഇവരില്‍ 1191 യാത്രക്കാർ ഇതുവരെ നാട്ടിലെത്തി. ഇക്കൂട്ടത്തില്‍ 117 യാത്രക്കാരെ മഞ്ഞപ്പനി പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതിനാൽ സമ്പര്‍ക്കവിലക്കില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങളില്ലെങ്കിൽ ഇവരെ ഏഴു ദിവസത്തിനകം വിട്ടയക്കും. ഇന്ത്യൻ വംശജരായ 3000 യാത്രക്കാരെക്കൂടി ഒഴിപ്പിക്കാന്‍ നടപടി പുരോഗമിക്കുകയാണ്.