ഷാർജ> ഷാർജയിലെ ടവറുകളിലും കെട്ടിടങ്ങളിലും തീപിടിത്ത സാധ്യത കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 10 കോടി ദിർഹം അനുവദിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
എമിറേറ്റിലെ താമസക്കാരുടെ സുരക്ഷ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കെട്ടിടത്തിലെ മുൻഭാഗങ്ങളിൽ തീപിടിക്കാൻ സാധ്യതയുള്ള അലുമിനിയം പ്രതലം മാറ്റിസ്ഥാപിക്കുന്നതാണ് പദ്ധതി. മുനിസിപ്പാലിറ്റി, പ്ലാനിംഗ് ആൻഡ് സർവേ ഡിപ്പാർട്ട്മെന്റ്, ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
ഏഴ് നിലകളിൽ കൂടുതലുള്ള, ഉയർന്ന അപകടസാധ്യതയുള്ള 40 റെസിഡൻഷ്യൽ ടവറുകളാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് പഠിക്കാനും, അലുമിനിയം മുഖമുള്ള കെട്ടിടങ്ങൾ പരിശോധിക്കാനും മുനിസിപ്പാലിറ്റി ആസൂത്രണ, സർവേ വകുപ്പും ഷാർജ സിവിൽ ഡിഫൻസുമായി ചേർന്ന് ഒരു കമ്മിറ്റി രൂപീകരിച്ചതായി ഷാർജ മുനിസിപ്പാലിറ്റിയിലെ ടെക്നിക്കൽ സർവീസസ് ഡയറക്ടർ സുവൈദി പറഞ്ഞു.