തിരുവനന്തപുരം> യുഡിഎഫ് കാലത്ത് നൂറ് ക്യാമറ 40 ലക്ഷം രൂപയ്ക്ക് വാങ്ങിയതിനെക്കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പരിശോധനയിൽ ഇത്തരത്തിലൊരു കണ്ടെത്തലില്ല. എ ഐ ക്യാമറ വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. അന്വേഷണത്തിൽ യുഡിഎഫ് കാലത്തെ ഇടപാടുകളും പരിശോധിക്കാം.
ജോണി നെല്ലൂർ യുഡിഎഫ് വിട്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വി ഡി സതീശനും യുഡിഎഫ് കൺവീനർ എം എം ഹസ്സനും ഒഴിഞ്ഞുമാറി. പലരും പല പാർട്ടിയിലേക്കും പോകുന്നുണ്ടെന്നും അതിൽ കാര്യമില്ലെന്നുമായിരുന്നു മറുപടി. ജോണി നെല്ലൂർ വിഷയം ചർച്ചയായോ എന്ന ചോദ്യത്തിന് ചർച്ച ചെയ്ത എല്ലാ കാര്യങ്ങളും പറയാനാവില്ലെന്നായിരുന്നു സതീശന്റെ മറുപടി.
എ ഐ ക്യാമറ വിവാദത്തിൽ പ്രിൻസിപ്പൽ സെക്രട്ടറി നടത്തുന്ന അന്വേഷണം കണ്ണിൽ പൊടിയിടാനാണ്. തങ്ങളുയർത്തിയ ചോദ്യങ്ങൾക്ക് ആരും മറുപടി പറയുന്നില്ല. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 20ന് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തുമെന്നും ഇരുവരും പറഞ്ഞു.