കൊച്ചി
കേരള ബ്ലാസ്റ്റേഴ്സ് അവഗണിച്ചുവെന്ന് മുൻ താരം ജോർജ് പെരേര ഡയസ്. 2021–-22 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റ താരമായിരുന്നു ഈ അർജന്റീനക്കാരൻ. ടീം ഫൈനൽവരെ മുന്നേറിയതിൽ നിർണായക സാന്നിധ്യവുമായിരുന്നു. ക്ലബ്ബിൽ തുടരാനായിരുന്നു ഡയസിന്റെ ആഗ്രഹം. എന്നാൽ, സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസും പരിശീലകൻ ഇവാൻ വുകോമനോവിച്ചും അവഗണിച്ചുവെന്ന് ഡയസ് വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സ് ആരാധകർ നിരന്തരമായി കുടുംബത്തെ ഉൾപ്പെടെ അവഹേളിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതെന്നും ഡയസ് കുറിച്ചു.
‘ബ്ലാസ്റ്റേഴ്സിൽ തുടരാനായിരുന്നു താൽപ്പര്യം. കൂട്ടുകാരായ അൽവാരോ വാസ്കസ്, അഡ്രിയാൻ ലൂണ എന്നിവരുമായി ഇക്കാര്യം സംസാരിച്ചിരുന്നു. കോച്ചും സ്പോർടിങ് ഡയറക്ടറും ഇക്കാര്യത്തിൽ അനുകൂല നിലപാടിലായിരുന്നു. ക്ലബ് അയച്ച കത്തിൽ ഒപ്പുവച്ച് തിരിച്ചയക്കുകയും ചെയ്തു. എന്നാൽ, അടുത്തദിവസംതന്നെ സ്കിൻകിസിന്റെ സന്ദേശം വന്നു. നിങ്ങളെ ആവശ്യമില്ലെന്നും മെച്ചപ്പെട്ട ആളെ നോക്കുകയാണെന്നുമായിരുന്നു അതിന്റെ ഉള്ളടക്കം. കാരണം ചോദിച്ചെങ്കിലും മറുപടിയുണ്ടായില്ല’ –- ഡയസ് പറഞ്ഞു.
‘കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എന്നെ തെറിവിളിക്കുകയാണ് ഇപ്പോൾ. അവഹേളിക്കുന്നു. കുടുംബത്തെയും വെറുതെവിടുന്നില്ല. ഈ സാഹചര്യത്തിൽ സത്യം ഞാൻ വെളിപ്പെടുത്തുകയാണ്’–- അർജന്റീനക്കാരൻ പറഞ്ഞു. മുംബൈ സിറ്റി എഫ്സിയിലാണ് ഡയസ് കഴിഞ്ഞ സീസണിൽ കളിച്ചത്.















