കോഴിക്കോട്
ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ കപ്പിൽ ആര് മുത്തമിടുമെന്ന് ഇന്നറിയാം. ബംഗളൂരു എഫ്സിയും ഒഡിഷ എഫ്സിയും തമ്മിലാണ് ഫൈനൽ. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് മത്സരം. ആരു ജയിച്ചാലും കാണികൾക്ക് ഉത്സവവിരുന്നാകും പോരാട്ടം. 2018ൽ ആദ്യ സൂപ്പർകപ്പിൽ ബംഗളൂരുവിനായിരുന്നു കിരീടം. 2019ൽ ഗോവ കപ്പ് നേടി. പിന്നീട് കോവിഡ് കാരണം ടൂർണമെന്റ് നടന്നില്ല.
ഇതുവരെയുള്ള മത്സരങ്ങളെല്ലാം കോഴിക്കോട്ട് കളിച്ചതിന്റെ ആനുകൂല്യം ബംഗളൂരുവിനുണ്ട്. ഒഡിഷയുടെ മത്സരങ്ങളെല്ലാം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലായിരുന്നു. ഗ്രൂപ്പ് മത്സരങ്ങളിൽ അത്രമികച്ച പ്രകടനമായിരുന്നില്ല ബംഗളൂരുവിന്റേത്. ഒരു ജയവും സമനിലയുമായി അഞ്ച് പോയിന്റ് മാത്രമായിരുന്നു സമ്പാദ്യം. കേരള ബ്ലാസ്റ്റേഴ്സിനെ 1–-1ന് തളയ്ക്കാൻ കഴിഞ്ഞത് ആത്മവിശ്വാസമുയർത്തി. അന്ന് ബ്ലാസ്റ്റേഴ്സിന്റെ 11 കളിക്കാരോടുമാത്രമല്ല പിടിച്ചുനിന്നത്, കോഴിക്കോട് സ്റ്റേഡിയത്തിലെ നിറഞ്ഞ ഗ്യാലറിയോടുകൂടിയായിരുന്നു.
സെമിയിൽ ജംഷഡ്പുർ എഫ്സിയെ 2–-0ന് വീഴ്ത്തി. മികച്ച പ്രകടനം നടത്തിയ ജംഷഡ്പുർ ഗോൾ അടിക്കാൻ മറന്നപ്പോൾ ബംഗളൂരുവിനായി ആദ്യമായി സുനിൽ ഛേത്രിയുടെ ബൂട്ടിൽനിന്ന് ഗോൾ പിറന്നു. ഛേത്രി ലക്ഷ്യംകണ്ട് തുടങ്ങിയതും ആത്മവിശ്വാസം പകരുന്ന കാര്യമാണ്. ബംഗളൂരുവിന് ഈ സീസണിൽ മൂന്നാമത്തെ ഫൈനലാണ്. ഡ്യൂറാന്റ് കപ്പ് നേടി. ഐഎസ്എൽ ഫൈനലിൽ തോറ്റു.
എല്ലാ കളിയിലും മികച്ച പ്രകടനം നടത്തിയാണ് ഒഡിഷ ഫൈനലിലേക്ക് കുതിച്ചത്. ഗ്രൂപ്പ് ബിയിൽ രണ്ടു ജയവും ഒരു സമനിലയുമായി സെമിയിലെത്തി. മലയാളിതാരങ്ങളുടെ കരുത്തിലിറങ്ങിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്.
ഇതുവരെ നാല് ഗോൾ നേടിയ ഇന്ത്യൻ യുവതാരം നന്ദകുമാറിന്റെയും മുന്നേറ്റക്കാരൻ ദ്യേഗോ മൗറീസിയോയുടെയും കരുത്തിലാണ് പ്രതീക്ഷ.















