ന്യൂഡൽഹി
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴുപേരെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഗുസ്തി ഫെഡറേഡൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ താരങ്ങൾ സുപ്രീംകോടതിയിൽ. എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് വിനേഷ് ഫോഗട്ട് അടക്കമുള്ള താരങ്ങളാണ് കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കോടതി കേസ് പരിഗണിച്ചേക്കും.
പരാതികൾ നൽകിയിട്ടും ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് കേസെടുക്കാത്തതോടെയാണ് ഡൽഹി ജന്തർ മന്തറിൽ ഗുസ്തിതാരങ്ങൾ വീണ്ടും സമരം ആരംഭിച്ചത്. ഏഴു പരാതിയിൽ അന്വേഷണം നടക്കുകയാണെന്നുമാണ് പൊലീസ് വാദം. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറടക്കം ആരും സംസാരിക്കാൻ തയ്യാറായില്ലെന്ന് താരങ്ങൾ പറഞ്ഞു.
ഒളിമ്പിക് താരങ്ങടക്കമുള്ളവരാണ് ജന്തർ മന്തറിൽ രണ്ടുദിവസമായി പോരാടുന്നത്. സമരവേദിയിലേക്കുള്ള വെള്ളവും ഭക്ഷണവും മരുന്നും പൊലീസ് തടയുകയാണെന്നും ആരോപണമുണ്ട്. ഖാപ് പഞ്ചായത്തുകൾക്ക് കത്ത് നൽകിയ താരങ്ങൾ പിന്തുണയും ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായികമന്ത്രാലയം ഒളിമ്പിക് അസോസിയേഷനോട് നിർദേശിച്ചു. പാർടികൾക്ക് സ്വാഗതം; ആദ്യമെത്തി മഹിളാ സോസിയേഷൻ ജനുവരിയിൽ നടന്ന സമരത്തിൽ രാഷ്ട്രീയ പാർടികളെ മാറ്റിനിർത്തിയ താരങ്ങൾ ഞായറാഴ്ച ആരംഭിച്ച രാപ്പകൽ സമരത്തിലേക്ക് പാർടികളെയും ബഹുജനങ്ങളെയും ക്ഷണിച്ചു. അഖിലേന്ത്യ ജനാധിപത്യ മഹിളാ അസാസിയേഷൻ നേതാക്കളായ ജഗ്മതി സാംഗ്വാൻ, മൈമൂന മൊള്ള, ആശ ശർമ എന്നിവരാണ് സമരവേദിയിൽ ആദ്യമെത്തി പിന്തുണയറിയിച്ചത്.
മഹിളാ കോൺഗ്രസ് നേതാക്കളും എഎപി എംപി സുശീൽ കുമാർ ഗുപ്ത, ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാൾ തുടങ്ങിയവരമെത്തി. സായ് അതികൃതർ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.















