ടൂറിൻ
മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം ദ്യേഗോ മാറഡോണയുടെ പിൻഗാമികൾ ചരിത്രം ആവർത്തിക്കുന്നു. നാപോളി ഇറ്റാലിയൻ ഫുട്ബോൾ ലീഗ് കിരീടത്തിലേക്ക്. അടുത്ത മത്സരത്തിൽ സാലെർനിറ്റാനയെ തോൽപ്പിക്കുകയും രണ്ടാമതുള്ള ലാസിയോ ഇന്റർ മിലാനോട് ജയിക്കാതിരിക്കുകയും ചെയ്താൽ നാപോളി ചാമ്പ്യൻമാരാകും. 1990ൽ മാറഡോണയുടെ നേതൃത്വത്തിലാണ് അവസാനമായി നേപ്പിൾസിൽ കിരീടമെത്തിച്ചത്. ശനിയാഴ്ചയാണ് നാപോളി സാലെർനിറ്റാനയെ നേരിടുന്നത്. ഞായറാഴ്ച ലാസിയോ–-ഇന്റർ പോരാട്ടം. 31 മത്സരം പൂർത്തിയായപ്പോൾ 78 പോയിന്റുമായാണ് ഒന്നാംസ്ഥാനത്ത്. ലാസിയോക്ക് 61. പതിനേഴ് പോയിന്റ് വ്യത്യാസം. ആകെ 38 കളിയാണ് ലീഗിൽ.
മുൻ ചാമ്പ്യൻമാരായ യുവന്റസിനെ ഒരു ഗോളിന് വീഴ്ത്തിയതോടെയാണ് നാപോളിക്ക് കിരീടം കൈയെത്തും ദൂരത്തായത്. പരിക്കുസമയം പകരക്കാരനായെത്തിയ ജിയാകോമോ റാസ്പദോറിയാണ് വിജയഗോൾ കുറിച്ചത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന് പ്രതീക്ഷിക്കവേ എലിഫ് എൽമാസാണ് റാസ്പദോറിന്റെ ഗോളിന് വഴിയൊരുക്കിയത്. നേരത്തേ എയ്ഞ്ചൽ ഡി മരിയയും ദുസാൻ വ്ലാഹോവിച്ചും യുവന്റസിനായി പന്ത് വലയിൽ എത്തിച്ചെങ്കിലും ‘വാർ’ തടഞ്ഞു. ലീഗിൽ മൂന്നാംസ്ഥാനത്താണ് യുവന്റസ് (59). സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതിന് ഈടാക്കിയ 15 പോയിന്റ് പിഴശിക്ഷ റദ്ദാക്കിയതാണ് യുവന്റസിന് നേട്ടമായത്.
പരിശീലകൻ ലൂസിയാനോ സ്പല്ലേട്ടിക്കുകീഴിൽ അസാമാന്യ പ്രകടനമാണ് ഇത്തവണ നാപോളി നടത്തിയത്. 31 കളിയിൽ ഇരുപത്തഞ്ചിലും ജയിച്ചു. മൂന്നുവീതം തോൽവിയും സമനിലയുമുണ്ട്. രണ്ടുപ്രാവശ്യമാണ് ഇറ്റാലിയൻ ലീഗ് ജേതാക്കളായത്. രണ്ടും മാറഡോണയുടെ മികവിലാണ്. ആദ്യം 1987ൽ. പിന്നീട് 1990ലും.















