ന്യൂഡൽഹി
ഖലിസ്ഥാൻ ആശയങ്ങൾക്കായി രാജ്യത്തിനെതിരെ യുദ്ധം ചെയ്യാനും മടിയില്ലെന്ന് പ്രഖ്യാപിച്ച വാരിസ് പഞ്ചാബ് ദെ തലവൻ അമൃത്പാൽ സിങ് ഭാര്യ അറസ്റ്റിലാകുമെന്ന് ഭയന്ന് കീഴടങ്ങുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വമുള്ള കിരൺദീപ് കൗറിനെ ലണ്ടനിലേക്ക് അയച്ചശേഷം നേപ്പാൾവഴി രാജ്യം വിടാനായിരുന്നു നീക്കം. ഏപ്രിൽ 21ന് അമൃത്സർ വിമാനത്താവളത്തിൽ എത്തിയ കിരൺദീപിനെ പൊലീസ് തടഞ്ഞതോടെയാണ് ‘കീഴടങ്ങലിന്’ അമൃത്പാൽ നിർബന്ധിതനായതെന്നാണ് റിപ്പോർട്ട്.
മാർച്ച് 18ന് ഒളിവിൽ പോയ അമൃത്പാലിന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഖലിസ്ഥാൻ പ്രവർത്തനങ്ങൾക്കായി കിരൺദീപിന്റെ അക്കൗണ്ടു വഴി പണം ബ്രിട്ടനിലേക്ക് കടത്തിയെന്ന ആരോപണംകൂടി ഉയർന്നതോടെ ഭാര്യ അറസ്റ്റിലാകുമെന്നും അമൃത്പാൽ ഭയന്നു. കിരണിന്റെ വിസ കാലാവധി ജൂലൈയിൽ അവസാനിക്കും. പൊലീസ് സമ്മർദം കടുപ്പിച്ചതോടെ ഞായർ പുലർച്ചെ 6.45ന് പഞ്ചാബിലെ റൊഡെ ഗ്രാമത്തിലുള്ള ഗുരുദ്വാരയിൽവച്ച് അമൃത്പാൽ പിടികൊടുക്കുകയായിരുന്നു.
കാത്തിരിക്കുന്നത് ദീർഘകാല ജയിൽവാസം
ഏഴ് എഫ്ഐആറാണ് അമൃത്പാലിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദേശീയ സുരക്ഷാനിയമം ചുമത്തപ്പെട്ടതിനാൽ വിചാരണകൂടാതെ 12 മാസംവരെ തടവിൽവയ്ക്കാം. സ്വകാര്യ പട്ടാളത്തെ സൃഷ്ടിക്കാൻ ശ്രമിച്ചതിന് ആയുധനിരോധന നിയമപ്രകാരവും കേസുണ്ട്. പാക് ചാരസംഘടനയായ ഐഎസ്ഐ ജോർജിയയിൽവച്ച് അമൃത്പാലിന് പരിശീലനം നൽകിയെന്നും ഇന്റലിജൻസ് അവകാശപ്പെട്ടതോടെ ജയിൽവാസം ദീർഘിപ്പിക്കുമെന്ന് ഉറപ്പായി. അസമിലെ ദിബ്രുഗഡ് ജയിലിൽ ഏകാന്ത തടവിലാണ് ഇപ്പോൾ. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ജയിലിന്റെ നിയന്ത്രണം സിആർപിഎഫിന് കൈമാറി. സുരക്ഷാ കാമറകളും അധികമായി സ്ഥാപിച്ചു.















