രാഷ്ട്രീയ എതിരാളികളെയും എതിർ ശബ്ദത്തെയും ഇല്ലാതാക്കാൻ അന്വേഷണ ഏജൻസികളാണ് ബിജെപി സർക്കാരിന്റെ ആയുധം. 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ആദായനികുതിവകുപ്പും ഇഡിയും സിബിഐയുംപോലുള്ള കേന്ദ്ര അന്വേഷണ ഏജൻസികൾ ഏറ്റെടുത്ത കേസുകളുടെ എണ്ണത്തിൽ 600 ശതമാനമാണ് വർധിച്ചത്. 121 രാഷ്ട്രീയ നേതാക്കൾക്കെതിരെ ഇഡി നടത്തിയ അന്വേഷണത്തിൽ 95 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെ ആയിരുന്നു. സിബിഐ എടുത്ത 124 കേസിൽ 95 ശതമാനത്തിലധികം ആളുകളും പ്രതിപക്ഷ പാർടികളിൽനിന്നുള്ളവരാണ്.
കവിത
ഡൽഹിയിലെ ആം ആദ്മി പാർടി നേതാക്കൾക്ക് നൂറ് കോടിയിൽപ്പരം രൂപ കൈക്കൂലി നൽകിയ സൗത്ത് ഗ്രൂപ്പ് മദ്യവിൽപ്പന സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബിആർഎസ് എംഎൽസിയും തെലങ്കാന മുഖ്യമന്ത്രി കെ സി ആറിന്റെ മകളുമായ കവിതയെ ഇഡി ചോദ്യം ചെയ്തു.
മനീഷ് സിസോദിയ
ഡൽഹി മദ്യനയ അഴിമതി ആരോപണക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു. അഴിമതിയിലൂടെ ലഭിച്ച പണം എഎപി ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് ആരോപണം.
നവാബ് മാലിക്
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര ന്യൂനപക്ഷ, നൈപുണ്യ വികസനമന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23നാണ് ഇഡി അറസ്റ്റ് ചെയ്തത്.
സത്യേന്ദർ ജെയിൻ
ഹവാല ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിനിനെ ഇഡി അറസ്റ്റ് ചെയ്തു. ജെയിനിന്റെ 4.81 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി.
കാർത്തി ചിദംബരം
കോൺഗ്രസ് എംപി കാർത്തി ചിദംബരത്തിനെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2011-ൽ വേദാന്ത ഗ്രൂപ്പിനു കീഴിലെ കമ്പനിയിലെ ഉന്നത ഉദ്യോഗസ്ഥൻ ഇദ്ദേഹത്തിനും അടുത്ത അനുയായിക്കും 50 ലക്ഷം രൂപ കൈക്കൂലി നൽകിയെന്നാണ് ആരോപണം.
അഭിഷേക് ബാനർജി
തൃണമൂൽ കോൺഗ്രസ് എംപിയും പാർടി ദേശീയ ജനറൽ സെക്രട്ടറിയുമായ അഭിഷേക് ബാനർജിക്കും ഭാര്യക്കുമെതിരെ കൽക്കരി അഴിമതി ആരോപണത്തിൽ ഇഡി കേസ്.
സോണിയ, രാഹുൽ
നാഷണൽ ഹെറാൾഡ് പത്രത്തിന്റെ നടത്തിപ്പുകാരായിരുന്ന അസോസിയറ്റഡ് ജേർണൽ ലിമിറ്റഡിന്റെ (എജെഎൽ) ബാധ്യതകളും ഓഹരികളും യങ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി ഏറ്റെടുത്തതിൽ കള്ളപ്പണ ഇടപാട് നടന്നെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാക്കൾ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇഡി നോട്ടീസ്.
സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയിൽ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് എംപിക്ക് ഇഡി നോട്ടീസ് നൽകി. പത്രചവ്ൽ മേഖലയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് നടപടി.
ഡി കെ ശിവകുമാർ
കർണാടക കോൺഗ്രസ് പ്രസിഡന്റ് ശിവകുമാറിനെ നികുതിവെട്ടിപ്പ്, ഹവാല ഇടപാട് കേസുകൾ ചുമത്തി 2019 സെപ്തംബറിൽ ഇഡി അറസ്റ്റ് ചെയ്തു.
അജിത് പവാർ
എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായിരുന്ന അജിത് പവാറും കുടുംബാംഗങ്ങളും കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇഡി നിരീക്ഷണത്തിലാണ്. അടുത്തിടെ കണ്ടുകെട്ടിയ നിരവധി ബിനാമി സ്വത്തുക്കളിലേക്കാണ് അനധികൃത പണം വകമാറ്റിയതെന്നാണ് ആരോപണം.
ഫാറൂഖ് അബ്ദുള്ള
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അന്വേഷണം നടക്കുന്നു. ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷനിൽ 43 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് കേസ്.















