ചെന്നൈ
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ലക്ഷ്യംവച്ച് ആദായനികുതി വകുപ്പിന്റെ പ്രതികാര റെയ്ഡ്. ബിജെപിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷനേതാക്കളുടെ യോഗം വിളിച്ചുചേർത്തതിന് പിന്നാലെയാണ് കേന്ദ്രഅന്വേഷണ ഏജൻസിയെ ഉപയോഗിച്ചുള്ള വേട്ടയാടൽ. റിയൽ എസ്റ്റേറ്റ് കമ്പനിയായ ജി സ്ക്വയറിൽ സ്റ്റാലിന് ബിനാമി നിക്ഷേപമുണ്ടെന്ന ബിജെപി ആരോപണവും ഉണ്ടായിരുന്നു.
ചൊവ്വ രാവിലെ മുതൽ ചെന്നൈ, കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെ 40 കേന്ദ്രത്തിൽ പരിശോധന നടന്നു. ഡിഎംകെ നേതാക്കളുടെ വീടും ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് കമ്പനിയുടെ ഓഫീസുമാണ് ലക്ഷ്യം വച്ചത്. സ്റ്റാലിന്റെ മരുമകൻ ശബരീശന്റെ ഓഡിറ്റർ, അണ്ണാനഗർ ഡിഎംകെ എംഎൽഎ എം കെ മോഹൻ, മകൻ കാർത്തിക് എന്നിവരുടെ വീട്ടിലും പരിശോധിച്ചു. ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്ത് പലയിടത്തും സിആര്പിഎഫ് സുരക്ഷയോടെയാണ് സംഘം എത്തിയത്. ഡിഎംകെ ഫയൽസ് എന്ന പേരിൽ സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കൾക്ക് ജി സ്ക്വയർ റിയൽ എസ്റ്റേറ്റ് കമ്പനിയിൽ നിക്ഷേപമുണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ വെള്ളിയാഴ്ച ആരോപിച്ചത്. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ, മരുമകൻ എന്നിവർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നും ആക്ഷേപിച്ചു. ഇതിനു പിന്നാലെയാണ് നാടകീയ റെയ്ഡ് അരങ്ങേറിയത്.
ഡിഎംകെയുമായി ബന്ധമുണ്ടെന്ന ആരോപണം ജി സ്ക്വയര് നിഷേധിച്ചു. നിയമം അനുസരിച്ചാണ് ബിസിനസ് ചെയ്യുന്നത്. കുറച്ച് മാസങ്ങളായി അടിസ്ഥാനരഹിത ആരോപണങ്ങളുമായിമായി ചിലർ വേട്ടയാടുനനു. ഒരു തെളിവുമില്ലാതെയാണ് ആരോപണം ഉന്നയിക്കുന്നത്. ഈ റെയ്ഡിലും ഒന്നും കണ്ടെത്തിയിട്ടില്ല. ആരോപണങ്ങളിൽ സത്യമില്ലെന്നതിന്റെ തെളിവാണിതെന്നും കമ്പനി പറഞ്ഞു.
അതേസമയം, ജി സ്ക്വയറിന് സർക്കാർ നിയമവിരുദ്ധമായ ഒരു സഹായവും നൽകിയിട്ടില്ലെന്ന് തമിഴ്നാട് ഭവന–- നഗര വികസന മന്ത്രി എസ് മുത്തുസാമി പറഞ്ഞു. എതിർക്കുന്നവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ഇറക്കി ഒതുക്കാൻ ശ്രമിക്കുന്ന നടപടിക്കെതിരെ തമിഴ്നാട്ടിൽ വിവിധ കേന്ദ്രങ്ങളിൽ ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി തെരുവിലിറങ്ങി.















