ന്യൂഡൽഹി
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഭിന്ദ്രൻവാലെയുടെ പിൻഗാമിയായി സ്വയം വിശേഷിപ്പിച്ച് വാരിസ് പഞ്ചാബ് ദേ സംഘടനയുടെ നേതാവായി സ്വയം അവരോധിച്ചയാളാണ് അമൃത്പാൽ സിങ്. എട്ടുമാസത്തിനുള്ളിൽ അഴിക്കുള്ളിലുമായി.
ജല്ലു ഖേരയിലെ സമ്പന്നമായ ജാട്ട് സിഖ് ബിസിനസ് കുടുംബത്തിൽ അംഗമായ അമൃത്പാൽ പൊടുന്നനെയാണ് വിഘടനവാദ ആശയങ്ങളിലൂന്നി വാർത്തകളിൽ ഇടംപിടിച്ചത്. നടൻ ദീപ് സിന്ധു പഞ്ചാബിന്റെ അവകാശങ്ങൾ സംരഷിക്കാനും പൈതൃകം നിലനിർത്താനും ലക്ഷ്യമിട്ട് സ്ഥാപിച്ച വാരിസ് പഞ്ചാബ് ദേ സംഘടന സിന്ധുവിന്റെ അപകടമരണത്തിനു പിന്നാലെ അമൃത്പാൽ പിടിച്ചെടുത്തു. സെപ്തംബറിൽ ഭിദ്രൻവാലെയുടെ ജന്മഗ്രാമംകൂടിയായ റോഡ് ഗ്രാമത്തിൽവച്ചായിരുന്നു സംഘടനയുടെ തലവനായുള്ള സ്വയം പ്രഖ്യാപനം. പരസ്യമായി ഖലിസ്ഥാൻരാഷ്ട്രവാദം ഉന്നയിച്ചു. ദുബായ്, ക്യാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളിൽ ജീവിച്ച സമയത്ത് സിഖ് മതാചാരപ്രകാരമുള്ള തലപ്പാവ് ധരിക്കാതിരുന്ന അമൃത്പാൽ, പിന്നീട് സിഖ് വേഷമണിഞ്ഞ് ഭിന്ദ്രൻവാലെ 2.0 ആകാനാണ് ശ്രമിച്ചത്. യുവാക്കളെ ആകർഷിക്കാൻ വലിയ തോതിൽ പണവും മയക്കുമരുന്നും ഒഴുക്കിയെന്നും ആരോപണമുണ്ട്.
ദേശീയ സുരക്ഷാ നിയമവും
അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം, കലാപമുണ്ടാക്കൽ, ആയുധ നിരോധ നിയമം എന്നിയുൾപ്പെടെ അരഡസൻ കേസാണ് എടുത്തിരിക്കുന്നത്. അമൃത്പാലിനും മറ്റുള്ളവർക്കുമെതിരെ തട്ടിക്കൊണ്ടുപോകൽ, ആക്രമണം, ഭീഷണിപ്പെടുത്തൽ, മറ്റ് കുറ്റകൃത്യങ്ങൾ എന്നിവയ്ക്ക് ഫെബ്രുവരി പതിനാറിനാണ് ആദ്യം കേസെടുത്തത്. 24ന് അജ്നാല പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ വധശ്രമമടക്കമുള്ള കുറ്റം ചുമത്തി. മാർച്ച് 18ന് പൊലീസ് പിന്തുടരവേ മറ്റ് വാഹനങ്ങളിൽ ഇടിച്ചതിനും കേസുണ്ട്. ആയുധനിരോധന നിയമപ്രകാരവും കേസുണ്ട്.















