ന്യൂഡൽഹി
പഞ്ചാബിന്റെ മണ്ണിൽ വിദ്വേഷത്തിന്റെ വിത്തുകൾ വളരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഭഗവന്ത് മൻ. പഞ്ചാബിലെ ഭൂമി ഫലഭൂയിഷ്ഠമാണ്, എന്നാൽ വിദ്വേഷത്തിന്റെ വിത്തുകൾ വളരാൻ അനുവദിക്കില്ലെന്നും മൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
അമൃത്പാൽ സിങ് മോഗ ജില്ലയിലെ റോഡ് ഗ്രാമത്തിലുണ്ടെന്ന് ഉയർന്ന ഉദ്യോഗസ്ഥർ ശനിയാഴ്ച രാത്രിതന്നെ അറിയിച്ചിരുന്നുവെന്നും പൊലീസുമായി നിരന്തര സമ്പർക്കത്തിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റ് വൈകിയത് ചോര ചിന്താതിരിക്കാനാണ്. സമാധാനം പാലിക്കുന്ന ജനങ്ങളോട് നന്ദിയറിയിക്കുന്നു–- അദ്ദേഹം പറഞ്ഞു.
എഎപി പഞ്ചാബിലെ സമാധാനത്തിനും സുരക്ഷയ്ക്കും പ്രതിജ്ഞാബദ്ധരാണെന്നതിന് തെളിവാണ് അറസ്റ്റെന്ന് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ പറഞ്ഞു. അതേസമയം നിയമപ്രകാരം കീഴടങ്ങിയ അമൃത്പാലിനോട് നിയമപ്രകാരമുള്ള നടപടിയേ പാടുള്ളൂവെന്ന് പഞ്ചാബ് സർക്കാരിനോട് ശിരോമണി അകാലിദൾ ആവശ്യപ്പെട്ടു.















