ന്യൂഡൽഹി
സുഡാനിലെ സംഘർഷമേഖലകളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ നിസ്സഹായത തുറന്നുപറഞ്ഞ് മോദി സർക്കാർ. സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ കാത്തിരിക്കേണ്ടതുണ്ടെന്ന് വിദേശമന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ചയായി സൈന്യവും അർധസേനയും ഏറ്റുമുട്ടുന്ന സുഡാനിൽ നാലായിരത്തോളം ഇന്ത്യക്കാരാണ് കുടുങ്ങിയിട്ടുള്ളത്.
നിലവിൽ ന്യൂയോർക്കിലുള്ള വിദേശമന്ത്രി എസ് ജയ്ശങ്കർ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസിനെ കാണാൻ ശ്രമിക്കുമെന്ന് ബാഗ്ചി അറിയിച്ചു. ഒഴിപ്പിക്കലിന്റെ കാര്യത്തിൽ ചില പദ്ധതികളുണ്ട്. എന്നാൽ, എല്ലാ കാര്യങ്ങളും വെടിനിർത്തലിനെ ആശ്രയിച്ചാണ്. സ്ഥിതിഗതികൾ മെച്ചപ്പെടുംവരെ ഇന്ത്യക്കാർ ഇപ്പോൾ കഴിയുന്ന സ്ഥലങ്ങളിൽ തുടരണം. വിമാനത്താവളത്തിനോട് ചേർന്നുള്ള സംഘർഷമേഖലയിൽ ആയതിനാൽ എംബസിയിലേക്ക് നേരിട്ട് വരാൻ ശ്രമിക്കരുത്–- ബാഗ്ചി പറഞ്ഞു.
സുഡാനിലെ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാർടികൾ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
മലയാളിയുടെ മൃതദേഹം
എത്തിക്കുന്നതിലും അവ്യക്തത
സുഡാനിൽ കൊല്ലപ്പെട്ട കണ്ണൂർ സ്വദേശിയായ വിമുക്തഭടൻ ആൽബർട്ട് അഗസ്തിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ലാതെ കേന്ദ്രസർക്കാർ. അരിന്ദം ബാഗ്ചി ഇക്കാര്യത്തിൽ ഉറപ്പൊന്നും നൽകിയില്ല. മൃതദേഹം എത്രയുംവേഗം നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദേശ സഹമന്ത്രി വി മുരളീധരൻ പ്രസ്താവിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആൽബർട്ട് അഗസ്തിൻ സുഡാനിൽ കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുശേഷമാണ് മൃതദേഹം ആശുപത്രിയിലേക്കുപോലും മാറ്റാനായത്. ആൽബർട്ടിന്റെ ഭാര്യയും മകളും ഇപ്പോഴും സംഘർഷഭൂമിയിൽ കുടുങ്ങിയ നിലയിലാണ്. താമസസ്ഥലത്തുവച്ചാണ് ആൽബർട്ടിന് വെടിയേറ്റത്. മേയിൽ നാട്ടിലേക്ക് മടങ്ങാനിരുന്നതാണ്.