ന്യൂഡൽഹി
ആധാർ ആധികാരികത പരിശോധിക്കുന്നതിനുള്ള അധികാരം സ്വകാര്യ മേഖലയ്ക്കുകൂടി കൈമാറി ചട്ടങ്ങൾ പുറത്തിറക്കാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. നിലവിൽ സാമൂഹ്യക്ഷേമ പദ്ധതികളടക്കം വിവിധ സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളാകാൻ താൽപ്പര്യപ്പെടുന്നവരുടെ ആധാർ വിവരങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കുന്നതിനുള്ള അധികാരം സർക്കാർ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും മാത്രമാണ്. പുതിയ ചട്ടങ്ങളിലൂടെ സ്വകാര്യ മേഖലയ്ക്കുകൂടി ആധാർ പരിശോധനയ്ക്കുള്ള അധികാരം കൈമാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്.
ആധാർ കാർഡിനെ കൂടുതൽ ഉപയോഗപ്രദമാക്കുന്നതിനും സർക്കാർ സേവനങ്ങൾ കൂടുതലായി ജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമാണ് പുതിയ നീക്കമെന്ന് കേന്ദ്രം അവകാശപ്പെടുന്നു. ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള അഭിപ്രായം മെയ് അഞ്ചുവരെ അറിയിക്കാം. സ്വകാര്യമേഖലയുടെ കടന്നുവരവോടെ ആധാർ വിവരങ്ങളുടെ സ്വകാര്യത, സുരക്ഷ എന്നിവയുടെ കാര്യത്തിൽ കൂടുതൽ ഗുരുതര ചോദ്യങ്ങൾ ഉയർന്നേക്കാം.
സർക്കാർ സേവനങ്ങൾ മെച്ചപ്പെട്ട നിലയിൽ ലഭ്യമാക്കൽ, ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ച് സദ്ഭരണം ഉറപ്പാക്കൽ, സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങളുടെ ദുരുപയോഗം തടയൽ, നൂതനാശയങ്ങളുടെയും പുതിയ അറിവുകളുടെയും പ്രചാരണം തുടങ്ങിയ ലക്ഷ്യങ്ങൾക്കായി ആധാർ പരിശോധന താൽപ്പര്യപ്പെടുന്ന സ്വകാര്യ ഏജൻസികൾക്കും മറ്റും പുതിയ ചട്ടങ്ങൾ പ്രകാരം ഐടി മന്ത്രാലയത്തെ സമീപിക്കാം. ഇവരുടെ അപേക്ഷ പരിശോധിച്ച് സദുദ്ദേശ്യപരമെങ്കിൽ ഐടി മന്ത്രാലയത്തിന് അനുകൂല തീരുമാനം എടുക്കാം.
ഏജൻസി താൽപ്പര്യപ്പെടുന്ന വിഷയം കേന്ദ്രപട്ടികയിൽ വരുന്നതാണെങ്കിൽ ബന്ധപ്പെട്ട കേന്ദ്ര മന്ത്രാലയത്തിനും സംസ്ഥാന പട്ടികയിൽ ആണെങ്കിൽ ബന്ധപ്പെട്ട സംസ്ഥാന വകുപ്പിനും കൈമാറും.