മ്യൂണിക്
മ്യൂണിക്കിൽ അത്ഭുതരാത്രി കാത്തിരുന്നവർക്ക് നിരാശ. സ്വന്തംതട്ടകത്തിൽ നാല് ഗോൾ ജയമെന്ന കഠിനദൗത്യം ബയേൺ മ്യൂണിക്കിന് പൂർത്തിയാക്കാനായില്ല. രണ്ടാംപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയോട് 1–-1ന് പിരിഞ്ഞു. ഇരുപാദത്തിലുമായി 4–-1ന്റെ തകർപ്പൻ ജയവുമായി സിറ്റി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ കടന്നു. തുടർച്ചയായ മൂന്നാംതവണയാണ് പെപ് ഗ്വാർഡിയോളയും കൂട്ടരും അവസാനനാലിൽ ഇടംപിടിക്കുന്നത്.
സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡാണ് സിറ്റിയുടെ എതിരാളി. മെയ് ഒമ്പതിനും പതിനേഴിനുമാണ് ഇരുപാദ സെമി.
എർലിങ് ഹാലണ്ടിലൂടെ സിറ്റിയാണ് മുന്നിലെത്തിയത്. ജോഷ്വാ കിമ്മിച്ച് പെനൽറ്റിയിലൂടെ ബയേണിന്റെ ആശ്വാസം കണ്ടെത്തി. സീസണിൽ ഗോളടിച്ചുകൂട്ടുന്ന ഹാലണ്ടിന് ആദ്യപകുതിയിൽ കിട്ടിയ പെനൽറ്റി ലക്ഷ്യത്തിൽ എത്തിക്കാനായില്ല. സിറ്റി കുപ്പായത്തിലാകെ 48 ഗോളാണ് ഇത്തവണ ഇരുപത്തിരണ്ടുകാരൻ അടിച്ചുകൂട്ടിയത്. ചാമ്പ്യൻസ് ലീഗിൽ 12 എണ്ണം.
ഗോൾമല കീഴടക്കാനെത്തിയ ബയേൺ നന്നായാണ് തുടങ്ങിയത്. കൂട്ടായ്മയോടെ കളിച്ചു. പാസുകളിലും നീക്കങ്ങളിലുമെല്ലാം മിന്നുംവേഗവും കൃത്യതയുമുണ്ടായിരുന്നു. തുടർച്ചയായ മൂന്നാംമത്സരത്തിലും ഒരേ ടീമിനെ അണിനിരത്തിയാണ് സിറ്റി പരിശീലകൻ ഗ്വാർഡിയോള എത്തിയത്. ബയേണിന്റെ ഉറച്ചമുന്നേറ്റത്തെ സംഘടിതമായി ചെറുക്കാൻ സിറ്റിക്കായി.
ലിറോയ് സാനെയ്ക്കായിരുന്നു കളിയിലെ ആദ്യ അവസരം. എന്നാൽ, സിറ്റി പ്രതിരോധത്തെ മറികടന്നെങ്കിലും ഈ ബയേൺ താരത്തിന് പന്ത് വലയിൽ എത്തിക്കാനായില്ല. ബോക്സിൽ ദയോത് ഉപമെകാനോയുടെ കൈയിൽ പന്ത് തട്ടിയതിനായിരുന്നു സിറ്റിക്ക് അനകൂല പെനൽറ്റി വന്നത്. എന്നാൽ, ഹാലണ്ടിന്റെ കിക്ക് ബാറിന് മുകളിലൂടെ പറന്നു.
ഇടവേള കഴിഞ്ഞ് ബയേൺ കളംപിടിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു. മുന്നേറ്റക്കാരൻ എറിക് മാക്സിം ചുപോമോട്ടിങ്ങിന് ഒന്നും ചെയ്യാനായില്ല. കിങ്സ്ലി കോമാന്റെ മിന്നൽനീക്കം സിറ്റി പ്രതിരോധത്തെ ഭയപ്പെടുത്തിയെങ്കിലും ജോൺ സ്റ്റോൺസ് അപകടമകറ്റി. ഈ പ്രത്യാക്രമണത്തിൽനിന്നാണ് സിറ്റി മുന്നിലെത്തിയത്. സ്റ്റോണിൽനിന്ന് പന്ത് സ്വകീരിച്ച കെവിൻ ഡി ബ്രയ്ൻ ഹാലണ്ടിന് നൽകുകയായിരുന്നു. നോർവെക്കാരന് ഇത്തവണ ഉന്നംതെറ്റിയില്ല. മുന്നേറ്റത്തിൽ സാദിയോ മാനെയെ ബയേൺ കോച്ച് തോമസ് ടുഷെൽ പരീക്ഷിച്ചെങ്കിലും കാര്യമുണ്ടായില്ല.
മാനുവൽ അകാഞ്ചിയുടെ ഹാൻഡ്ബോളിനാണ് വാർ പരിശോധനയിലൂടെ ബയേണിന് പെനൽറ്റി നൽകിയത്. കിമ്മിക് അനായാസം ലക്ഷ്യത്തിലെത്തിച്ചു. കളി തീരാൻ ഏഴ് മിനിറ്റ് മാത്രമായിരുന്നു ബാക്കി. ജയം സ്വപ്നം കാണാനാകില്ലെന്ന ഉറപ്പോടെ ബയേൺ കളിയവസാനിപ്പിച്ചു.
അവസാന 15 കളിയിലും അജയ്യരാണ് സിറ്റി. ഫെബ്രുവരി അഞ്ചിന് ടോട്ടനം ഹോട്സ്പറിനോടാണ് അവസാനമായി കീഴടങ്ങിയത്. സീസണിൽ മൂന്ന് കിരീടമാണ് ലക്ഷ്യം. എഫ്എ കപ്പിൽ സെമിയിലുണ്ട്. പ്രീമിയർ ലീഗിൽ രണ്ടാംസ്ഥാനത്തും.