ന്യൂഡല്‍ഹി> സൈനിക വാഹനത്തിന് തീപിടിച്ച് 5 ജവാന്മാര് മരിച്ച സംഭവം അട്ടിമറിയെന്ന് റിപ്പോര്‍ട്ടുകള്‍. ഭീംബര്‍ ഗലിയില്‍ നിന്ന് പൂഞ്ച് ജില്ലയിലെ സാന്‍ജിയോട്ടിലേക്ക് നീങ്ങുന്നതിനിടെ അജ്ഞാതരായ ഭീകരര്‍ സൈനിക വാഹനത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംഭവത്തില്‍ പരിക്കേറ്റ മറ്റൊരു സൈനികനെ ഉടന്‍ തന്നെ രാജൗരിയിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.അക്രമികളെ കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷിന്റെ പിന്തുണയുള്ള ഭീകരസംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തതായും സൂചനകളുണ്ട്.
അപകടം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങള്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്. സൈനിക വാഹനം നിമിഷം നേരം കൊണ്ട് കത്തിയമരുന്നതാണ് വീഡിയോയില്‍ കാണുന്നത്. സൈനികരുടെ മരണത്തില്‍ ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ അനുശോചനം രേഖപ്പെടുത്തി.