തൃശൂർ> തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കാൻ അനുമതി. പെട്രോളിയം ആൻഡ് സേഫ്റ്റി ഓർഗനൈസേഷന്റെ (പെസോ) പ്രത്യേക അനുമതിയാണ് ലഭിച്ചത്. ഓലപ്പടക്കം, കുഴിമിന്നൽ, അമിട്ട്, ഗുണ്ട് എന്നി പരമ്പരാഗത ഇനങ്ങൾ വെടിക്കെട്ടുകളിൽ ഉപയോഗിക്കുവാൻ 2008 മുതൽ നിയന്ത്രണങ്ങളുണ്ട്. 2016 ലെ പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിനുശേഷം ഇത് ശക്തമാക്കിയിരുന്നു.
എന്നാൽ, തൃശൂർ പൂരത്തിന് പരമ്പരാഗത വെടിക്കെട്ട് ഇനങ്ങൾ ഉപയോഗിക്കുന്നതിന് പെസോയുടെ പ്രത്യേക അനുമതി ഈ വർഷവും ലഭിച്ചതായി പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ അറിയിച്ചു. 30നാണ് ഇത്തവണ തൃശൂർ പൂരം. 28നാണ് സാമ്പിൾ വെടിക്കെട്ട്. മെയ് ഒന്നിന് പുലർച്ചെയാണ് പ്രധാന വെടിക്കെട്ട്. അന്ന് പകൽ 12ന് ഉപചാരം ചൊല്ലലിനുശേഷം പകൽവെടിക്കെട്ടും നടക്കും.
പെസോയുടെ നിർദേശങ്ങൾ പാലിച്ച് വെടിക്കെട്ട് നടക്കുന്ന ഫയർ ലൈനിൽനിന്ന് 100 മീറ്റർ അകലെനിന്ന് സുരക്ഷിതമായി വെടിക്കെട്ട് കാണുന്നതിന് ഇത്തവണ സൗകര്യം ഒരുക്കും. സാമ്പിളും പൂരം വെടിക്കെട്ടും കാണുന്നതിന് ആളുകൾക്ക് നിൽക്കാവുന്ന പ്രദേശങ്ങൾ അളന്ന് പ്രത്യേകം സ്കെച്ചുകൾ തയ്യാറാക്കി.
പൂരം വെടിക്കെട്ടിന് സ്വരാജ് റൗണ്ടിലെ ജോസ് തിയറ്ററിന്റെ മുൻഭാഗം മുതൽ പാറമേക്കാവ് ക്ഷേത്രം വരെയുള്ള ഭാഗത്ത് റോഡിലും കുറുപ്പം റോഡ് മുതൽ എംജി റോഡ് വരെയുള്ള ഭാഗത്ത് റോഡ് കഴിഞ്ഞുള്ള നടപ്പാതയ്ക്കു പുറത്തും കാണികൾക്ക് പ്രവേശനം അനുവദിക്കും. സാമ്പിൾ വെടിക്കെട്ടിന് എംജി റോഡ് മുതൽ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റർ മുതൽ പാറമേക്കാവ് വരെയുമുള്ള ഭാഗത്ത് റോഡിലേക്കും പ്രവേശനം നൽകും. റൗണ്ടിലെ സുരക്ഷിതമായ കെട്ടിടങ്ങളിൽനിന്നും വെടിക്കെട്ട് കാണാനും നിബന്ധനകൾക്കു വിധേയമായി അനുമതി നൽകും.