ന്യൂഡൽഹി
ക്രിസ്ത്യൻ മിഷണറിമാർ പ്രബലവിഭാഗമായി മാറിയെന്നും അവരുടെ ചതി തിരിച്ചറിയണമെന്നും ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്. നിസ്സഹായരായവർക്ക് ഭക്ഷണവും മറ്റും നൽകി മതപരിവർത്തനം നടത്തുകയാണെന്നും ചതി തിരിച്ചറിയണമെന്നും മധ്യപ്രദേശിൽ ബുർഹാൻപുർ ജില്ലയിൽ നടന്ന പരിപാടിയിൽ ഭാഗവത് പറഞ്ഞു.
തെറ്റിദ്ധാരണ പരത്തി മതത്തെക്കുറിച്ച് സംശയം ജനിപ്പിച്ച് വിശ്വാസത്തെ ദുർബലപ്പെടുത്തുന്നു. ഇങ്ങനെ വിശ്വാസം നഷ്ടപ്പെടുന്നവർ സമൂഹം കൂടെയില്ലെന്ന് തോന്നിയാൽ പരിവർത്തനം ചെയ്യപ്പെട്ടേക്കാം. ഭാരതീയ പാരമ്പര്യത്തിലും വിശ്വാസത്തിലുമുള്ള ‘വ്യതിയാനം’ നീക്കംചെയ്ത് ‘ധർമ’ത്തിന്റെ വേരുകൾ ശക്തിപ്പെടുത്തുകയാണ് പരിഹാരം. ‘നമ്മുടെ വിഭാഗത്തിലുള്ളവർ’ സ്വന്തം സമുദായത്താൽ അവഗണിക്കപ്പെടുന്നത് മിഷണിമാർ മുതലെടുക്കുകയാണ്.
150 വർഷത്തോളമായി ക്രൈസ്തവ വിശ്വാസം മുറുകെപ്പിടിച്ച മധ്യപ്രദേശിലെ ഒരു ഗ്രാമം അപ്പാടെ ആർഎസ്എസിന്റെ കീഴിലുള്ള കല്യാൺ ആശ്രമത്തിന്റെ സഹായത്തോടെ ‘സനാതന ധർമ’ത്തിലേക്ക് മടങ്ങിവന്നത് മിഷണിമാർക്കെതിരെ സമൂഹം ഉറച്ചുനിൽക്കുന്നതിന്റെ ഉദാഹരണമാണെന്നും ഭാഗവത് പറഞ്ഞു. മിഷണറിമാർ പ്രബലവിഭാഗമായി വളർന്നെന്നും സമൂഹത്തെ ബാധിക്കുന്ന ‘രോഗങ്ങളെ ഉന്മൂലനംചെയ്ത് ’ഐശ്വര്യം തിരികെ പിടിക്കണമെന്നും ജബൽപുരിലെ പരിപാടിയിൽ ഭാഗവത് ആഹ്വാനം ചെയ്തു.