തൃശൂർ
1953 ഏപ്രിൽ 20, ചുറ്റും “കേരള നൂർജഹാന്’ വേണ്ടിയുള്ള ആർപ്പുവിളി. വേദിയിൽ അവർ നിറഞ്ഞുനിൽക്കുന്നു, അരങ്ങിനെ അത്രമേൽ പ്രണയിച്ചുകൊണ്ടിരിക്കുമ്പോൾ മുന്നിലൂടെ കടന്നുപോയ വെടിയുണ്ടയിലും പതറിയില്ല, അഭിനയം തുടർന്നു. വേദിയിൽനിന്നിറങ്ങിയപ്പോൾ വെടിയുണ്ട തുളച്ചുകയറിയ കർട്ടൻ കണ്ടു. തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട നിമിഷം. ആയിഷയിൽനിന്ന് നിലമ്പൂർ ആയിഷ എന്ന വിപ്ലവ നാടകകലാകാരിയിലേക്കുള്ള ദൂരം നീണ്ട ത്യാഗങ്ങളുടേതായിരുന്നു.
മുസ്ലീം സ്ത്രീകൾക്കുമേൽ ചാർത്തിയ വിലക്കുകൾ പൊട്ടിച്ചെറിഞ്ഞ് അരങ്ങിലെത്തിയ ധീരവനിതയ്ക്ക് മുന്നിൽ പിന്നീട് മതം മുട്ടുകുത്തി.
70 വർഷങ്ങൾക്ക് മുമ്പാണ് അക്രമി നിലമ്പൂർ ആയിഷയ്ക്ക് നേരെ വെടിയുതിർത്തത്. മഞ്ചേരി മേലാക്കത്ത് നാടകം കളിക്കുന്ന വേളയിലാണ് എയർഗൺ കൊണ്ട് വെടിവച്ചത്. ഉന്നം കൃത്യമായിരുന്നു. പക്ഷേ, ആയിഷ ചുവടു മാറ്റിയതിനാൽ രക്ഷപ്പെട്ടു. അന്ന് ആയിഷയ്ക്ക് പ്രായം 18. മുസ്ലീം സ്ത്രീ അഭിനയിക്കാൻ പാടില്ല എന്ന് വിശ്വസിച്ചിരുന്ന മതയാഥാസ്ഥിതികരിൽ ഒരാളായിരുന്നു അക്രമി.
നാദാപുരത്തുള്ള അവതരണത്തിനിടെ കല്ലേറിൽ ആയിഷയ്ക്ക് പരിക്കേറ്റിരുന്നു. ചോരയൊലിക്കുന്ന നെറ്റിയുമായി അവർ അഭിനയം തുടർന്നു. മേക്കപ്പ് മുറിയിൽ അതിക്രമിച്ചുകയറി ഉപദ്രവിച്ചത് മറ്റൊരു സംഭവം. 1953ലാണ് നിലമ്പൂർ യുവജന കലാസമിതിയിലൂടെ നിലമ്പൂർ ആയിഷ അരങ്ങിലെത്തിയത്. ദുരിതങ്ങൾക്കിടയിലും പണത്തിനുവേണ്ടിയല്ല അവർ നാടകം കളിച്ചത്. കമ്യൂണിസ്റ്റ് പാർടിക്കുവേണ്ടിയായിരുന്നു. ഇ കെ അയമുവിന്റെ “ജ്ജ് ഒരു മന്സനാവാൻ നോക്ക്’ എന്ന നാടകത്തിൽ അരങ്ങേറ്റം കുറിച്ചു. “മുസ്ലിം സ്ത്രീ നാടകവേദിയിലേയ്ക്കല്ല. നരകത്തിലേക്കാണ്’ ആയിഷക്കെതിരെ എതിരാളികൾ വിളിച്ചുപറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. പക്ഷേ, എതിർപ്പുകളെ അതിജീവിച്ചും അവർ മുന്നേറി. സ്ത്രീകൾക്ക് രണ്ടു കാലിൽ അഭിമാനത്തോടെ നിൽക്കാൻ ഉശിരേകിയ വനിതയായി നിലമ്പൂർ ആയിഷ മാറി.