നേപ്പിൾസ്
പതിനാറ് വർഷത്തിനുശേഷം എസി മിലാൻ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ സെമിയിൽ. ഇരുപാദ ക്വാർട്ടറിൽ നാപോളിയെ 2–-1ന് മറികടന്നു. രണ്ടാംപാദം 1–-1 സമനിലയായി. ഒളിവർ ജിറു മിലാനായി വലകണ്ടപ്പോൾ പരിക്കുസമയം വിക്ടർ ഒസിമേൻ നാപോളിയുടെ സമനില കണ്ടു. ഇരുടീമുകളും ഓരോ പെനൽറ്റി പാഴാക്കി.
ഇറ്റാലിയൻ ടീമുകളുടെ പോര് ഒപ്പത്തിനൊപ്പമായിരുന്നു. ആദ്യപാദത്തിൽ നേടിയ ഒറ്റഗോൾ ജയം മിലാന് ചെറിയ മുൻതൂക്കം നൽകി. എന്നാൽ, സ്വന്തം തട്ടകത്തിൽ ഈ സീസണിൽ തകർപ്പൻ കളി പുറത്തെടുക്കുന്ന നാപോളി ജയിക്കാനുറച്ച് പന്തുതട്ടി. ആകെ 27 ഷോട്ടുകളാണ് അവർ പായിച്ചത്. കളിയിലാദ്യം പെനൽറ്റി പാഴാക്കിയത് ജിറുവായിരുന്നു. എന്നാൽ ലീഡ് സമ്മാനിച്ച് ഇതിന് പ്രായശ്ചിത്തവും ഫ്രഞ്ചുകാരൻ ചെയ്തു.
പിന്നാലെ ഇടവേള കഴിഞ്ഞ് നാപോളിയുടെ ക്വീച്ച കവാരസ്കേലിയയും പെനൽറ്റി കളഞ്ഞു. രണ്ടും ഇരുടീമുകളുടെയും ഗോൾകീപ്പർമാർ രക്ഷപ്പെടുത്തുകയായിരുന്നു. പരിക്കുസമയം ഒസിമേൻ നാപോളിക്കായി ലക്ഷ്യം കണ്ടെങ്കിലും വെെകിപ്പോയി. 2007ൽ കിരീടം ചൂടിയശേഷം ആദ്യമായാണ് മിലാൻ സെമിയിൽ ഇടംപിടിക്കുന്നത്.