ന്യൂഡൽഹി
നാൽപ്പത് ജവാന്മാർ കൊല്ലപ്പെട്ട പുൽവാമ ആക്രമണത്തിന് കാരണമായത് മോദി സർക്കാരിന്റെ ഇന്റലിജൻസ് വീഴ്ചയാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ ഏക സിവിൽ കോഡിലേക്ക് (യുസിസി) ശ്രദ്ധ മാറ്റാൻ ബിജെപി നീക്കം. പുൽവാമ ആക്രമണം, യോഗി ഭരണത്തിൽ യുപിയിലെ ക്രമസമാധാന തകർച്ച, ജാതി സെൻസസ് അടക്കമുള്ള വിഷയങ്ങളിൽ പ്രതിപക്ഷ പാർടികൾ പ്രകടമാക്കുന്ന ഐക്യം തുടങ്ങി ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചടികൾ തുടർച്ചയായതോടെയാണ് ബിജെപി വീണ്ടും യുസിസി ചർച്ചയാക്കുന്നത്. ജഗദീഷ് ഷെട്ടാറിനെപ്പോലെ മുതിർന്ന നേതാക്കൾ കാലുമാറിയതോടെ കർണാടക തെരഞ്ഞെടുപ്പിൽ സംഭവിച്ചേക്കാവുന്ന തിരിച്ചടിയുടെ ആഘാതം കുറയ്ക്കാനും യുസിസി ചർച്ച സഹായിക്കുമെന്ന പ്രതീക്ഷ ബിജെപിക്കുണ്ട്.
നിയമമന്ത്രി കിരൺ റിജിജു, സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത തുടങ്ങിയവരുമായി ആഭ്യന്തരമന്ത്രി അമിത് ഷാ യുസിസി വിഷയം ചർച്ച ചെയ്തെന്നാണ് റിപ്പോർട്ടുകൾ. നിയമമന്ത്രിക്കും സോളിസിറ്റർ ജനറലിനും പുറമെ വിവിധ വകുപ്പു സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുത്തു. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് രാജ്യത്ത് യുസിസി നടപ്പാക്കുന്നതിന്റെ മുന്നൊരുക്കമായാണ് യോഗമെന്നാണ് റിപ്പോർട്ട്. യുസിസി നടപ്പാക്കുമെന്ന് അമിത് ഷാ നേരത്തേയും പ്രഖ്യാപിച്ചിട്ടുണ്ട്. രാമക്ഷേത്രം, കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയൽ എന്നിവയ്ക്കൊപ്പം സംഘപരിവാറിന്റെ പ്രധാന അജൻഡയിലൊന്നാണ് യുസിസിയും. മറ്റ് രണ്ട് അജൻഡ നടപ്പാക്കപ്പെട്ടതിനാൽ ഇനി യുസിസിയാണ് മോദി സർക്കാരിന്റെ ലക്ഷ്യമെന്ന് സംഘപരിവാർ മാധ്യമങ്ങൾ പറയുന്നു.
രാജ്യത്തെ ക്രിസ്ത്യൻ–- മുസ്ലിം സംഘടനകൾ ഒരേപോലെ എതിർക്കുന്ന വിഷയമാണ് യുസിസി. ഉത്തരാഖണ്ഡ്, ഹിമാചൽ, ഗുജറാത്ത് തുടങ്ങി സമീപകാല നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി യുസിസി പ്രചാരണ വിഷയമാക്കിയിരുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് കർണാടകത്തിലും യുസിസി ആയുധമാക്കാനാകും ഇനിയുള്ള ശ്രമം.