ന്യൂഡൽഹി
സുഡാനിൽ അധികാരത്തിനായി സൈന്യവും അർധസൈന്യവുമായുള്ള ഏറ്റുമുട്ടൽ ആരംഭിച്ച് ഒരാഴ്ചയായിട്ടും കുടുങ്ങിക്കിടക്കുന്ന നാലായിരത്തിനടുത്ത് ഇന്ത്യക്കാർക്ക് സഹായം എത്തിക്കാനാകാതെ മോദി സർക്കാർ. സഹായം ആവശ്യമുള്ളവർക്ക് ബന്ധപ്പെടാൻ ടോൾ ഫ്രീ നമ്പരും ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയത് മാത്രമാണ് മോദി സർക്കാരിന്റെ ഇതുവരെയുള്ള ഇടപെടൽ. വിദേശമന്ത്രി എസ് ജയ്ശങ്കർ സഹായം അഭ്യർഥിച്ച് സൗദി, യുഎഇ വിദേശമന്ത്രിമാരുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇരുനേതാക്കളും ഇന്ത്യക്ക് താഴെത്തട്ടിൽ പ്രായോഗിക പിന്തുണ ഉറപ്പുനൽകിയെന്ന് ജയ്ശങ്കർ ട്വീറ്റു ചെയ്തു. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ യുഎസ് സർക്കാരിന്റെയും ബ്രിട്ടനിലെ ഇന്ത്യൻ ഹൈകമീഷണർ യുകെ സർക്കാരിന്റെയും സഹായം അഭ്യർഥിച്ചിട്ടുണ്ട്.
സുഡാനിൽ വെടിനിർത്തൽ നീക്കം പാളിയതോടെ ഇന്ത്യക്കാർ ഭക്ഷണവും വെള്ളവുമില്ലാതെ കടുത്ത പ്രതിസന്ധിയിലാണ്. തോക്കുധാരികൾ റോന്തുചുറ്റുന്നതിനാൽ അവശ്യവസ്തുക്കൾക്കായി പുറത്തിറങ്ങാൻപോലും സാധിക്കാത്ത സ്ഥിതിയാണ്. യുദ്ധമേഖലയിൽ കഴിയുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് സുഡാനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇന്ത്യക്കാർക്ക് ഒരു സഹായവും എത്തിക്കാത്തതിനാൽ വിദേശമന്ത്രി എസ് ജയ്ശങ്കറോ സഹമന്ത്രി വി മുരളീധരനോ വിഷയത്തിൽ ബുധനാഴ്ച പ്രതികരിച്ചില്ല. കർണാടകത്തിൽനിന്നുള്ള ഇരുനൂറിനടുത്ത് ഹക്കി പിക്കി ഗോത്രവിഭാഗക്കാർ സുഡാനിൽ കുടുങ്ങിയതോടെ വിഷയം തെരഞ്ഞെടുപ്പ് ചർച്ചയായും മാറിയിട്ടുണ്ട്. സുഡാനിൽ ഇടപെടുന്നതിൽ കേന്ദ്രം പരാജയപ്പെട്ടെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്ന് ജയ്ശങ്കർ മറുപടി നൽകി. മോദി ഭരണത്തിൽ അന്തർദേശീയതലത്തിൽ ഇന്ത്യ സ്വാധീനം വർധിപ്പിച്ചെന്ന് സംഘപരിവാർ നിരന്തരം അവകാശപ്പെടുമ്പോഴാണ് സുഡാൻ വിഷയത്തിൽ സർക്കാർ നിസ്സഹായരായതെന്ന വിമർശം പ്രതിപക്ഷം ഉയർത്തുന്നത്.
സംഘർഷം അവസാനിക്കുന്നില്ല
വെടിനിർത്തൽ ധാരണ പരാജയപ്പെട്ടതോടെ സംഘർഷമൊഴിയാതെ സുഡാൻ. അഞ്ചാംദിനമായ ബുധനാഴ്ചയും സൈനിക–- അർധസൈനിക വിഭാഗങ്ങൾ തലസ്ഥാനമായ ഖാർത്തൂമിൽ ഉൾപ്പെടെ ഏറ്റുമുട്ടി. രാജ്യത്തിന്റെ വിവിധ ഭാഗത്തായി 270 സാധാരണക്കാർ ഇതുവരെ സംഘർഷത്തിനിടയിൽ കൊല്ലപ്പെട്ടതായാണ് യുഎൻ റിപ്പോർട്ട്. 2600 പേർക്ക് പരിക്കേറ്റു. യഥാർഥ കണക്കുകൾ ഉയർന്നേക്കാം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഖാർത്തൂം വിട്ടതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ഇടപെടലുകളെ തുടർന്നാണ് ചൊവ്വ വൈകിട്ട് ആറുമുതൽ 24 മണിക്കൂർ വെടിനിർത്തലിന് സൈന്യവും അർധസൈനിക വിഭാഗമായ ആർഎസ്എഫും സന്നദ്ധത അറിയിച്ചത്. എന്നാൽ, ഇരുവശവും പിന്മാറാൻ തയ്യാറാകാതിരുന്നതോടെ വെടിനിർത്തൽ ധാരണ ഫലപ്രാപ്തിയിൽ എത്തിയില്ല. ഖാർത്തൂമിൽ വിവിധയിടത്ത് സ്ഫോടനമുണ്ടായി. കെട്ടിടസമുച്ചയത്തിന് തീപിടിച്ചു. ആശുപത്രികളുടെയടക്കം പ്രവർത്തനം നിലച്ചു.