കൊൽക്കത്ത
വീണ്ടും ബിജെപിയിൽ ചേക്കേറാനൊരുങ്ങി തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയി. അച്ഛനെ കാണാനില്ലെന്ന് മകനും തൃണമൂൽ എംഎൽഎയുമായ സുബ്രാംശു റോയി പൊലീസിൽ പരാതിപ്പെട്ടതിനു പിന്നാലെ മുകുൾ ഡൽഹിയിൽ ‘പ്രത്യക്ഷപ്പെട്ടു’. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ബംഗാൾ സന്ദർശനത്തിനുശേഷമാണ് മുകുൾ ഡൽഹിയിലെത്തിയത്. താൻ ഇപ്പോഴും എപ്പോഴും ബിജെപിയാലായിരുന്നെന്ന് മുകുൾ പ്രതികരിച്ചു. തൃണമൂൽ അഴിമതിയുടെ കൂമ്പാരമാണെന്നും അധികം വൈകാതെ അത് തകരുമെന്നും അദ്ദേഹം പറഞ്ഞു.
മുകുൾ ഇല്ലെങ്കിലും ഒന്നും സംഭവിക്കാനില്ലെന്ന് തൃണമൂൽ അധ്യക്ഷ മമത ബാനർജി പ്രതികരിച്ചു. തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന മുകുൾ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പാണ് ബിജെപിയിൽ ചേർന്നത്.