ന്യൂഡൽഹി
സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം വേണമെന്ന ആവശ്യം നഗരങ്ങളിലെ വരേണ്യവിഭാഗത്തിന്റെ മാത്രമാണെന്ന കേന്ദ്ര സർക്കാർ വാദത്തിൽ കഴമ്പില്ലെന്ന് സുപ്രീംകോടതി. വാദം തെളിയിക്കാൻ ആവശ്യമായ പഠനങ്ങളോ കണക്കുകളോ സർക്കാർ ഹാജരാക്കിയിട്ടില്ലെന്ന് ഭരണഘടനാബെഞ്ചിന് നേതൃത്വം നൽകുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. വ്യക്തികൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത അവരുടെ നൈസർഗികമായ സ്വഭാവവിശേഷങ്ങളുടെ പേരിൽ വിവേചനം കാണിക്കരുതെന്ന ശ്രദ്ധേയനിരീക്ഷണവും കോടതിയില്നിന്നുണ്ടായി.
തന്റെ കക്ഷി സൈനബ് പട്ടേലെന്ന ട്രാൻസ് വുമെണിനെ വീട്ടിൽനിന്ന് പുറത്താക്കിയെന്നും അവർ ഭിക്ഷയാചിച്ചാണ് കഴിഞ്ഞിരുന്നതെന്നും മുതിർന്ന അഭിഭാഷകൻ കെ വി വിശ്വനാഥൻ പറഞ്ഞു. ട്രാൻസ് ആക്റ്റിവിസ്റ്റായ അക്കായ് പത്മശാലിയുടെയും സമാനമായ ജീവിതമായിരുന്നെന്ന് മുതിർന്ന അഡ്വ. ജയ്നാകോത്താരിയും വാദിച്ചു. ഇവരെയും കേന്ദ്ര സർക്കാർ നഗരങ്ങളിലെ വരേണ്യവർഗത്തിന്റെ പ്രതിനിധികളായാണോ കാണുന്നതെന്നും അഭിഭാഷകർ ചോദിച്ചു. അതേസമയം, സ്വവർഗവിവാഹങ്ങൾക്ക് അംഗീകാരം നൽകണോ എന്ന വിഷയത്തിൽ തീരുമാനമെടുക്കുംമുമ്പ് കോടതി എല്ലാ സംസ്ഥാനങ്ങളുടെയും നിലപാട് തേടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം പുതിയ അപേക്ഷ സമർപ്പിച്ചു. കേസിൽ വാദംകേൾക്കൽ തുടരും.