തിരുവനന്തപുരം
റോഡപകടങ്ങൾ കുറച്ച് സുരക്ഷിതയാത്ര ഉറപ്പുവരുത്താൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ എൻഫോഴ്സ്മെന്റ് പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും. ഗതാഗതനിയമലംഘനം കണ്ടെത്താൻ എഐ (നിർമിതബുദ്ധി) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സ്ഥാപിച്ച 726 കാമറ രാവിലെമുതൽ പ്രവർത്തിക്കും. 14 ജില്ലയിലെയും പ്രധാന അപകടസാധ്യതാ മേഖലകൾ കേന്ദ്രീകരിച്ചാണ് കാമറകൾ സ്ഥാപിച്ചത്. കുറ്റകൃത്യങ്ങൾ കണ്ടെത്തി പിഴ ഈടാക്കുംവിധമാണ് പ്രവർത്തനം. കാമറകളിലൂടെ കണ്ടെത്തുന്ന ഓരോ നിയമലംഘനവും പിഴയായി കണക്കാക്കും. ഒരിടത്ത് അമിതവേഗതയ്ക്ക് പിടിക്കപ്പെട്ടാൽ അന്നുതന്നെ വീണ്ടും നിയമം ലംഘിച്ചാൽ പിഴ ചുമത്തും. പദ്ധതിയുടെ ഉദ്ഘാടനം പകൽ മൂന്നിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
നിയമലംഘനങ്ങൾ
ദൃശ്യമികവോടെ
വീട്ടിലെത്തും
726 കാമറയിൽ 675 എണ്ണം നിർമിതബുദ്ധി (എഐ) ഉപയോഗിച്ച് പ്രവർത്തിക്കുന്നവയും ബാക്കി ഫോർ ഡി റീഡർബേസ് എൻഫോൾസ്മെന്റ് സിസ്റ്റം കാമറകളുമാണ്. ഹെൽമെറ്റ്, ഇരുചക്ര വാഹനങ്ങളിലെ രണ്ടിൽ കൂടുതൽ പേരുടെ യാത്ര, മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അപകടമുണ്ടാക്കി വാഹനങ്ങൾ നിർത്താതെ പോകൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ എഐ കാമറകൾ സ്വയം കണ്ടുപിടിക്കും. അനധികൃത പാർക്കിങ് കണ്ടെത്താൻ 25ഉം സിഗ്നൽ ജങ്ഷനുകളിലെ ലംഘനങ്ങൾ കണ്ടെത്താൻ 18ഉം അമിതവേഗത കണ്ടെത്താൻ എട്ടും കാമറകളുണ്ട്. മികച്ച ദൃശ്യമികവിൽ (മൾട്ടിപ്പിൾ എക്സ്പ്ലോഷർ) നിയമലംഘനങ്ങളുടെ ചിത്രങ്ങൾ പകർത്തി കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്ന് വാഹന ഉടമയ്ക്ക് ചിത്രങ്ങൾ ഉൾക്കൊള്ളിച്ച പിഴ നോട്ടീസ് അയക്കും. ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കും. തിരുവനന്തപുരം ട്രാൻസ്പോർട്ട് കമീഷണറേറ്റിലാണ് കേന്ദ്രീകൃത കൺട്രോൾ റൂമും ഡാറ്റാ സെന്ററും.
കേന്ദ്ര നിയമം തടസ്സമല്ല; നാലുവരിപ്പാതയിൽ 90 കഴിഞ്ഞാൽ പിടിവീഴും
കേരളത്തിൽ വാഹനങ്ങളുടെ വേഗപരിധി സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നിയമങ്ങളിൽ ആശയക്കുഴപ്പം വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ്. സംസ്ഥാനത്ത് നാലുവരിപ്പാതകളിൽ കാറുകളുടെ പരമാവധി വേഗപരിധി മണിക്കൂറിൽ 90 കിലോമീറ്ററാണ്. കേന്ദ്ര നിയമപ്രകാരം നാലുവരിപ്പാതകളിൽ കാറുകൾക്ക് 100 കിലോമീറ്ററാണ് പരമാവധി വേഗത. എന്നാൽ, മോട്ടോർ വാഹന നിയമത്തിലെ 112 –-ാം വകുപ്പിലെ രണ്ടാം ഉപവകുപ്പ് പ്രകാരം കേരളം വേഗപരിധിയുടെ കാര്യത്തിൽ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്തിനകത്ത് പരമാവധി വേഗപരിധിയിൽ മാറ്റംവരുത്താൻ മോട്ടോർ വാഹന വകുപ്പിന് അധികാരമുണ്ടെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത് പറഞ്ഞു.
പൊതുജനങ്ങളുടെ സുരക്ഷയും റോഡുകളുടെ സ്ഥിതിയും പരിഗണിച്ച് വേഗപരിധി തീരുമാനിക്കാൻ സംസ്ഥാനത്തിന് അധികാരമുണ്ട്. സംസ്ഥാന വിജ്ഞാപനപ്രകാരമുള്ള വേഗപരിധി അനുസരിച്ചാകും നിയമലംഘനങ്ങൾക്ക് പിഴയീടാക്കുക. വാഹനങ്ങളുടെ വേഗപരിധി 2018ൽ കേന്ദ്രം പുതുക്കിയെന്നും പുതിയ എഐ കാമറകളിലൂടെ പിടികൂടുന്ന നിയമലംഘനങ്ങളിൽ സംസ്ഥാനത്ത് 2014ലെ വിജ്ഞാപനപ്രകാരമാണ് പിഴയെന്നുമുള്ള വാർത്തകളിൽ ആശയക്കുഴപ്പം വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി.
ഡ്രൈവിങ് ലൈസൻസും ഹെെടെക്
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസുകൾ വ്യാഴം മുതൽ സ്മാർട്ട് ആകുന്നു. പേപ്പർ കാർഡിനുപകരം എട്ട് സുരക്ഷാ ഫീച്ചറുള്ള പിവിസി പെറ്റ്ജി കാർഡുകളാണ് നൽകുക. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴം പകൽ മൂന്നിന് തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
ഹൈക്കോടതിയിൽ 22 വർഷം നീണ്ട കേസിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ വിധിയുണ്ടായതോടെയാണ് പേപ്പർ കാർഡിൽനിന്നുള്ള മാറ്റം സാധ്യമായത്. കാർഡ് ഒന്നിന് 60 രൂപ ചെലവിലാണ് എൻട്രസ്റ്റ് എന്ന അമേരിക്കൻ കമ്പനിയുടെയും ഇവോലിസ് എന്ന ഫ്രഞ്ച് കമ്പനിയുടെയും സഹായത്തോടെ കാർഡുകൾ പ്രിന്റ് ചെയ്യുക.
വർഷം ശരാശരി 10.35 ലക്ഷം ഡ്രൈവിങ് ലൈസൻസാണ് മോട്ടോർ വാഹനവകുപ്പ് നൽകുന്നത്. ആദ്യവർഷം മൂന്നുകോടിയോളം കാർഡ് പിവിസിയിലേക്ക് മാറും. പഴയ ലൈസൻസ് മാറ്റാൻ 200 രൂപയാണ് ഈടാക്കുക. ഡ്യൂപ്ലിക്കറ്റിന് 1200 രൂപയും. നിലവിലെ കാർഡുകൾ ഒരുവർഷത്തിനുള്ളിൽ പിവിസിയിലേക്ക് മാറ്റാനാകുമെന്ന് ട്രാൻസ്പോർട്ട് കമീഷണർ എസ് ശ്രീജിത് പറഞ്ഞു. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും താമസിയാതെ സ്മാർട്ട് കാർഡിലേക്ക് മാറും.
കാർഡിലെ
വിവരങ്ങൾ
കാർഡിൽ ക്യുആർ കോഡ് ഉണ്ടാകും. മോട്ടോർ വാഹനവകുപ്പിന്റെ വെബ്സൈറ്റുമായി ലിങ്ക് ചെയ്ത കോഡ് സ്കാൻ ചെയ്താൽ ട്രാഫിക് നിയമലംഘനങ്ങൾ ഉൾപ്പെടെ അറിയാനാകും. ഹോളോഗ്രാം, അശോകസ്തംഭം എന്നിവയുമുണ്ടാകും. വ്യക്തിവിവരങ്ങൾ പുറത്തുകാണാനാകില്ല. ഫോട്ടോ കോപ്പി എടുത്തുള്ള ദുരുപയോഗം തടയാനാകും.