മംഗളൂരു
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കലബുർഗി റൂറൽ, കെആർ പുര മണ്ഡലങ്ങളിലെ സിപിഐ എം സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചു. ബുധൻ രാവിലെ പാർടി പ്രവർത്തകരോടൊപ്പം പ്രകടനമായി എത്തിയാണ് കലബുർഗി റൂറൽ മണ്ഡലത്തിൽ സ്ഥാനാർഥി പാണ്ഡുരംഗ് മാവിൻകർ പത്രിക സമർപ്പിച്ചത്. തുടർന്ന് എം ബി സജ്ജന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ളെ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കലബുർഗി ജില്ലാ സെക്രട്ടറിയുമായ കെ നീല, സ്ഥാനാർഥി പാണ്ഡുരംഗ് മാവിൻകർ, നേതാക്കളായ ചെന്നപ്പ ആനെഗുണ്ടി, ശ്രീമന്ത് ബിരാദാർ എന്നിവർ സംസാരിച്ചു.
കെആർ പുരം മണ്ഡലത്തിലെ സിപിഐ എം സ്ഥാനാർഥി എം നഞ്ചേഗൗഡ നേതാക്കളായ മീനാക്ഷി സുന്ദരം, ഗൗരമ്മ, എ കെ എസ് വിമല എന്നിവരോടൊപ്പം എത്തി ചൊവ്വാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. കോലാറിലെ കെജിഎഫ് മണ്ഡലത്തിലും ചിക്ബല്ലാപുരയിലെ ബാഗേപ്പള്ളിയിലും സിപിഎ എം സ്ഥനാർഥികൾ നേരത്തേ പത്രിക സമർപ്പിച്ചിരുന്നു.