ജയ്പുർ
ബാറ്റിൽ കോരിയെടുക്കാവുന്ന വിജയം രാജസ്ഥാൻ റോയൽസ് കൈവിട്ടു. ഐപിഎൽ ക്രിക്കറ്റിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് 10 റൺ ജയം.
സ്കോർ: ലഖ്നൗ 7–-154, രാജസ്ഥാൻ 6–-144
ആവേശ്ഖാൻ എറിഞ്ഞ അവസാന ഓവറിൽ രാജസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത് 19 റൺ. ആറ് വിക്കറ്റ് കൈയിലുണ്ടായിരുന്നു. റിയാൻ പരാഗും ദേവ്ദത്ത് പടിക്കലുമായിരുന്നു ക്രീസിൽ. ആദ്യ പന്തിൽ പരാഗ് ഫോറടിച്ചു. അടുത്ത പന്തിൽ ഒരു റൺ. ഫോമിലേക്ക് ഉയരാതെ മുടന്തുന്ന പടിക്കലിനെ മൂന്നാം പന്തിൽ വിക്കറ്റ്കീപ്പർ നിക്കോളാസ് പുരാൻ പിടികൂടി. 21 പന്തിൽ നേടാനായത് 26 റൺ. നാലാം പന്തിലും വിക്കറ്റ്. വന്ന ഉടൻ ഉയർത്തിയടിച്ച ധ്രുവ് ജുറലിനെ ബൗണ്ടറിലൈനിൽ ദീപക് ഹൂഡ അവിശ്വസനീയമായി പിടിച്ചു. അഞ്ചാം പന്തിൽ ആർ അശ്വിൻ രണ്ട് റൺ നേടി. അവസാന പന്തിൽ ഒരുറൺകൂടി നേടി അവസാനിപ്പിച്ചു.
ഓപ്പണർമാരായ യശസ്വി ജയ്സ്വാളും (35 പന്തിൽ 44) ജോസ് ബട്ലറും (41 പന്തിൽ 40) ലക്ഷ്യത്തിനായി അടിത്തറയിട്ടതാണ്. ക്യാപ്റ്റൻ സഞ്ജു സാംസൺ (4 പന്തിൽ 2) റണ്ണൗട്ടായത് വഴിത്തിരിവായി. ഷിമ്രോൺ ഹെറ്റ്മയർ (2) തിളങ്ങിയില്ല. മൂന്ന് റണ്ണുമായി അശ്വിനും 15 റണ്ണുമായി പരാഗും പുറത്താകാതെനിന്നു. ആവേശ്ഖാൻ മൂന്നും മാർകസ് സ്റ്റോയ്നിസ് രണ്ടും വിക്കറ്റെടുത്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിനായി ഓപ്പണർമാരായ കെ എൽ രാഹുലും (32 പന്തിൽ 39) കൈൽ മയേഴ്സും (42 പന്തിൽ 51) മികച്ച തുടക്കം നൽകി. മാർകസ് സ്റ്റോയ്നിസിനും (16 പന്തിൽ 21) നിക്കോളാസ് പുരാനും (20 പന്തിൽ 28) അവസാന ഓവറുകളിൽ പ്രതീക്ഷിച്ച റണ്ണടിക്കാനായില്ല.