ന്യൂഡൽഹി
മാവോയിസ്റ്റ് ബന്ധം ആരോപിച്ചുള്ള കേസിൽ ഡൽഹി സർവകലാശാല പ്രൊഫസർ ജി എൻ സായ്ബാബ ഉൾപ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. മഹാരാഷ്ട്ര സർക്കാരിന്റെ അപ്പീലില് ജസ്റ്റിസ് എം ആർ ഷാ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.
ജീവപര്യന്തം തടവിന് ശിക്ഷിച്ച 2007ലെ വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീലില് ബോംബെ ഹൈക്കോടതി നാഗ്പുർ ബെഞ്ചാണ് സായ്ബാബ ഉള്പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയത്. ഹൈക്കോടതിയുടെ മറ്റേതെങ്കിലും ബെഞ്ച് ഈ അപ്പീലുകൾ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ സുപ്രീംകോടതി നിർദേശിച്ചു. യുഎപിഎ നിയമത്തിലെ 45(1) വകുപ്പ് പ്രകാരം കേന്ദ്രസർക്കാരിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയശേഷമേ കുറ്റങ്ങൾ ചുമത്താൻ പാടുള്ളുവെന്ന വ്യവസ്ഥ വിചാരണക്കോടതി പാലിച്ചില്ലെന്ന വാദം ശരിവച്ചായിരുന്നു നാഗ്പുർ ബെഞ്ചിന്റെ ഉത്തരവ്.എന്നാൽ, ഈ നിഗമനം തെറ്റാണെന്ന് മഹാരാഷ്ട്ര സർക്കാർ വാദിച്ചു. ഇത്തരം പ്രശ്നങ്ങൾ പുതിയ ബെഞ്ച് പരിഗണിക്കട്ടെയെന്നും സുപ്രീംകോടതി നിര്ദേശിച്ചു.